വാട്‌സ്ആപ്പില്‍ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പിറന്നാള്‍ദിവസം ജീവനൊടുക്കി

ഡല്‍ഹി: വാട്‌സ് ആപ്പ് സ്റ്റാറ്റസായി ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പിറന്നാള്‍ ദിവസം ജീവനൊടുക്കി. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മാനസികാസ്വസ്ഥ്യം അനുഭവിച്ചിരുന്ന 14 കാരനാണ് അമ്മാവന്റെ വീട്ടില്‍ ജീവനൊടുക്കിയത്. വടക്കു പടിഞ്ഞാറന്‍ ദില്ലിയിലെ വെല്‍കം മേഖലയിലാണ് സംഭവം.

ഗാസിയാബാദിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന സ്വാമിം എന്ന വിദ്യാര്‍ത്ഥിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാമിമിന്റെ മാതാപിതാക്കള്‍ ഒമ്പതു വര്‍ഷം മുമ്പ് വേര്‍ പിരിഞ്ഞവരാണ്. പിതാവ് ഇപ്പോള്‍ ദില്ലിയില്‍ ഒരു സ്റ്റുഡിയോ നടത്തുകയാണ്. മാതാവ് ദുബൈയില്‍ ജോലി ചെയ്യുന്നു. സ്വാമിമും സഹോദരനും അമ്മയുടെ വീട്ടിലാണ് താമസം. മാതാപിതാക്കളുടെ വേര്‍പിരിയല്‍ കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നതായി കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.

രാത്രി 12 മണിക്ക് കസിന്റെ ജന്‍മദിനാശംസ സ്വീകരിച്ച ഉറങ്ങാന്‍ കിടന്നതായിരുന്നു ബാലന്‍. പുലര്‍ച്ചെ മറ്റൊരു ബന്ധു ഉണര്‍ന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ സ്വാമിമിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരിക്കുന്നതിനു മുമ്പ്, സ്വാമിം വാട്‌സ് ആപ്പ് അക്കൌണ്ടില്‍ സ്റ്റാറ്റസ് മെസേജായി, ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സുഹൃത്തുക്കളെന്നും എന്നാല്‍, മനുഷ്യപ്പറ്റിനേക്കാള്‍ പണത്തിന് പ്രാധാന്യം നല്‍കുന്ന ഈ ലോകത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്നുമായിരുന്നു ആ പോസ്റ്റ്.

Share this news

Leave a Reply

%d bloggers like this: