വാട്ടര്‍ ചാര്‍ജ്ജ് റീഫണ്ട് ചെയ്യും: ഉറപ്പ് നല്‍കി പ്രധാനമന്ത്രി ലിയോ വരേദ്കര്‍

ഡബ്ലിന്‍: ജനങ്ങളില്‍ നിന്നും ഈടാക്കിയ വാട്ടര്‍ചാര്‍ജ്ജ് തിരിച്ചു നല്‍കാന്‍ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ലിയോ വരേദ്കര്‍. സെപ്റ്റംബര്‍ മാസം മുതല്‍ ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും പൂര്‍ണമായും വാട്ടര്‍ചാര്‍ജ്ജ് റീഫണ്ട് ചെയ്യപ്പെടുമെന്നാണ് വരേദ്കറിന്റെ വാഗ്ദാനം. വെള്ളക്കരം തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ ചര്‍ച്ചയില്ലെന്ന് സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി റെജീന ഡോഹെര്‍ത്തിയുടെ വാദത്തെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് വരേദ്കര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഒറ്റയ്ക്ക് താമസിക്കുകയും അഞ്ചില്‍ കൂടുതല്‍ ബില്ലുകള്‍ അടച്ചിട്ടുള്ള ഒരാള്‍ക്ക് 200 യൂറോ തിരികെ ലഭിക്കും. ഒന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള വീട്ടുകാര്‍ക്ക് 325 യൂറോയ്ക്ക് അര്‍ഹതയുണ്ട്. മൊത്തത്തില്‍, ഗവണ്‍മെന്റ് 170 ദശലക്ഷം യൂറോ റീഫണ്ട് ഇനത്തില്‍ അധിക തുക കണ്ടെത്തേണ്ടതുണ്ട്.

മന്ത്രിസഭാ ചര്‍ച്ചക്കിടെ താന്‍ ഉന്നയിച്ച വാട്ടര്‍ റീഫണ്ട് ചര്‍ച്ചകള്‍ അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ലിയോ വ്യക്തമാക്കി. ഭവന മന്ത്രി യോഗണ്‍ മര്‍ഫി, ധനകാര്യ മന്ത്രി പാസ്‌ക്കല്‍ ഡൊണോഹോ എന്നിവരും റീഫണ്ടിങ്ങിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ നികുതി പിരിച്ചെടുത്തതുകൊണ്ട് തന്നെ റീഫണ്ടിങ് തുക തിരിച്ചു നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്താങ്ങി വിദ്യാഭ്യാസ മന്ത്രിയും രംഗത്ത് വന്നിട്ടുണ്ട്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ക്യാബിനറ്റ് ചര്‍ച്ചകള്‍ നടത്തിയതിന്റെ വിശദാംശം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഫിയാന ഫോള്‍ വക്താവ് മൈക്കല്‍ മേക്‌ഗ്രെത്ത്. എങ്ങിനെയാണ് പിരിച്ചെടുത്ത 170 മില്യണ്‍ യൂറോ വാട്ടര്‍ ചാര്‍ജ്ജ് തിരിച്ചു നല്‍കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും മേക്‌ഗ്രെത്ത് അഭിപ്രായപ്പെടുന്നു. ഫിയാന ഫോള്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുവെങ്കിലും തിരിച്ചു നല്‍കല്‍ എത്രത്തോളം കാര്യക്ഷമമാകുമെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ്.

സര്‍ക്കാരിന്റെ പൊതുജനങ്ങളോടുള്ള ആത്മാര്‍ത്ഥതയെ ബഹുമാനിക്കുന്നുവെന്ന് ഗ്രീന്‍ പാര്‍ട്ടി അംഗം എമോണ്‍ റെയ്ന്‍ ഇതിനോട് പ്രതികരിച്ചു. പക്ഷെ ജലത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ടതുണ്ടെന്നും പാര്‍ട്ടി വക്താവ് പറയുന്നു. വെള്ളം ദുരുപയോഗം തടയാനുള്ള കര്‍മ്മ പദ്ധതികളും ആവിഷ്‌കരിക്കണമെന്ന് എമോണ്‍ അഭിപ്രായപ്പെട്ടു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: