വാടക മരവിപ്പിക്കല്‍ പദ്ധതി നടപ്പാക്കാനാവില്ല; മന്ത്രി ലിയോ വരേദ്കര്‍…

ഡബ്ലിന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന വാടക നിരക്കിനെ പിടിച്ചുകെട്ടാന്‍ റെന്റ് ഫ്രീസിങ് നടപ്പാക്കണമെന്ന ഫിയാന ഫോളിന്റെ ആവശ്യം തള്ളി മന്ത്രി ലിയോ വരേദ്കര്‍. നിലവിലെ റെന്റ് പ്രഷര്‍ സോണ്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കാന്‍ കഴിയുള്ളുവെന്നും വരേദ്കര്‍ വ്യ്കതമാക്കി. ദെയിലില്‍ നടന്ന ഫിയാന ഫോളിന്റെ അടിന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

സിന്‍ഫിനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. നിലവിലെ ഹൗസിങ് പദ്ധതിയും വാടക നിയന്ത്രണ പദ്ധതികളും തികഞ്ഞ പരാജയമായി മാറിയെന്നും ആരോപണം ഉയരുകയാണ്. വസ്തു വില്പന വെബ്സൈറ്റായ Daft.ie പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ദേശീയ അടിസ്ഥാനത്തില്‍ അയര്‍ലണ്ടിലെ പ്രതിമാസ വാടക 1400 യൂറോ ആണ്. ഡബ്ലിനില്‍ മാത്രം ഇത് 2000 യുറോക്ക് മുകളിലുമാണ്.

5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തലസ്ഥാന നഗരിയില്‍ മാത്രം വര്‍ധിച്ചുവന്ന വാടക നിരക്ക് ഇപ്പോള്‍ സമീപ നഗരങ്ങളിലേക്കും വ്യാപിക്കുന്നതായാണ് ഫിയാന ഫോള്‍ നേതാവായ മൈക്കിള്‍ മാര്‍ട്ടിനെപ്പോലുള്ളവര്‍ എടുത്തുകാണിക്കുന്ന വസ്തുത. വീട് ഇല്ലാതാകുന്നവര്‍ക്ക് വാടകക്കപോലും താമസിക്കാന്‍ കഴിയാതെ അയര്‍ലണ്ടില്‍ തെരുവില്‍ കിടന്നുറങ്ങുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നത് ഉയര്‍ത്തിക്കാട്ടിയും പ്രതിപക്ഷ അംഗങ്ങള്‍ റെന്റ് ഫ്രീസിങ് അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയാണ്. എന്നാല്‍ നിലവില്‍ ഈ പദ്ധതിയിലേക്ക് മാറാന്‍ കഴിയില്ലെന്നാണ് ഭവന മന്ത്രാലയത്തിന്റെയും പ്രതികരണം.

യൂറോപ്പിലെ പല രാജ്യങ്ങളും ഇതിനോടകം റെന്റ് ഫ്രീസിങ് നടപ്പാക്കിയിരുന്നു. നിശ്ചിത വര്‍ഷത്തേക്ക് വാടക ഉയരാതെ നിലനിര്‍ത്തുന്ന ഒരു പദ്ധതിയാണിത്. എന്നാല്‍ റെന്റ് ഫ്രീസിങ് നടപ്പാക്കിയാല്‍ വസ്തു മാര്‍ക്കറ്റില്‍ എത്തുന്ന വീടുകളുടെ എണ്ണവും കുറയുമെന്ന ന്യായമാണ് ലിയോ വരേദ്കര്‍ ചൂണ്ടിക്കാട്ടുന്നത്.

Share this news

Leave a Reply

%d bloggers like this: