വാക്‌സിനേഷന്‍ എടുക്കുന്നതില്‍ അപാകത; അയര്‍ലണ്ടില്‍ മെനിന്‍ജൈറ്റിസ് പടരുന്നു: ജാഗ്രത നിര്‍ദ്ദേശം നല്‍കി HSE

ഡബ്ലിന്‍: അയര്‍ലണ്ടിലെ പല ഭാഗങ്ങളിലും കുട്ടികളില്‍ മെനിന്‍ജൈറ്റിസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രോഗം പടര്‍ന്നു പിടിച്ചേക്കുമെന്ന് പരക്കെ ആശങ്ക. സൗജന്യ വാക്‌സിന്‍ എടുക്കാത്ത ആയിരത്തോളം കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ മെനിന്‍ജൈറ്റിസ് ഭീതിയിലാണ്. മെനിന്‍ജോകോക്കല്‍ മെനിന്‍ജൈറ്റിസ്, സെപ്ടികീമിയ എന്നീ ബാക്ടീരിയകളുടെ സാന്നിധ്യം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ 12 കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് HSE വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിക്കപ്പെട്ട മൂന്ന് കുട്ടികള്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്ന് എച്ച്.എസ്.ഇ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിക്കലോ, ഡബ്ലിന്‍ വെസ്റ്റ്, സൗത്ത്-വെസ്റ്റ്, വെസ്റ്റ് കോര്‍ക്ക്, കാര്‍ലോ-കില്‍കെന്നി എന്നിവിടങ്ങളിലാണ് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്ത കുഞ്ഞുങ്ങള്‍ ഏറെയുള്ളത്.. മെനിന്‍ജയ്റ്റിസ് പടരുന്നതില്‍ ആശങ്ക അറിയിച്ച മാതാപിതാക്കളോട് വേണ്ടത്ര സുരക്ഷാനടപടികള്‍ സ്വീകരിക്കാനും കുട്ടികള്‍ക്ക് പ്രതിരോധചികിത്സ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ കേന്ദ്രികരിച്ചു മെനിന്‍ജയ്റ്റിസ് തടയുന്നതിന് ബോധവല്‍ക്കരണ പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും എച്ച് എസ് ഇ യുടെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ടീം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2017ല്‍ അയര്‍ലണ്ടില്‍ 76 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം 89 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

തലച്ചോറിനെയും സ്പൈനല്‍ കോഡിനെയും വരെ ബാധിക്കാവുന്ന മെനിന്‍ജൈറ്റിസ് ബാക്ടീരിയ, വൈറസ് എന്നിവ വഴി ശരീരത്തിലെത്തി മരണകാരണം ആയേക്കാവുന്ന അതീവ ഗുരുതര രോഗമാണ്. ഇത്തരം വൈറസുകള്‍ ജീവിതകാലം മുഴുവന്‍ ശരീരത്തില്‍ നിലകൊള്ളാന്‍ കരുത്തുള്ളവയാണ്. എന്നാല്‍ ഈ സമയത്ത് അവ അണുബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കണമെന്നുമില്ല. പനി, തലവേദന, കഴുത്തിന് അസ്വസ്ഥത തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ ഇതിനുണ്ടാവുകയും ചെയ്യാം. വിഭ്രാന്തി, കോച്ചിപ്പിടിത്തം, ഉറക്കമില്ലായ്മ, തുടങ്ങിയവ ഉണ്ടായാല്‍ അത് പ്രത്യേക സ്ഥലത്തെ ബാധിച്ചുവെന്ന് കണക്കാക്കേണ്ടതാണ്.നിങ്ങളുടെ മസ്തിഷ്‌കത്തിന് രോഗം ബാധിച്ചുവെന്നതിന്റെ ലക്ഷണങ്ങളുമാകാമിത്. ഇവയിലേതെങ്കിലും രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ എത്രയും പെട്ടന്ന് വിദഗ്ദ്ധ വൈദ്യസഹായം തേടണമെന്ന് എച്ച് എസ് ഇ അറിയിച്ചു.

രോഗ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഹെല്പ് ലൈനില്‍ മറുപടി ലഭിക്കും. അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറഞ്ഞുവന്ന ഈ രോഗം വീണ്ടും സജീവമായതില്‍ ആരോഗ്യ വകുപ്പ് ആശങ്ക രേഖപ്പെടുത്തി. ഈ രോഗവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി 1800 413344 എന്ന ടോള്‍ ഫ്രീ നമ്പറിലോ www.meningitis.org എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

Share this news

Leave a Reply

%d bloggers like this: