വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ സാമ്പത്തീക വളര്‍ച്ച ഇന്ത്യയുടെ കരങ്ങളിലെന്ന് ഐഎംഎഫ്

വാഷിങ്ടണ്‍: ഇന്ത്യയുടെ കരുത്തിലായിരിക്കും അടുത്ത മൂന്നു ദശാബ്ദങ്ങളില്‍ ലോക സമ്പദ്ഘടനയുടെ വളര്‍ച്ചയെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.). ആഗോള സമ്പദ്ഘടനയില്‍ നേരത്തെ ചൈനയ്ക്കുണ്ടായിരുന്ന സ്ഥാനമായിരിക്കും ഇനി ഇന്ത്യക്ക്. ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ 15 ശതമാനവും സംഭാവന ചെയ്യുന്നത് ഇപ്പോള്‍ ഇന്ത്യയാണെന്ന് ഐ.എം.എഫിന്റെ ഇന്ത്യയിലെ മിഷന്‍ ചീഫ് റനില്‍ സാല്‍ഗഡോ പറഞ്ഞു.

ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ സംഭാവന ചെയ്യുന്നത് ഇപ്പോള്‍ ചൈനയും അമേരിക്കയും മാത്രമാണ്. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഫലം കാണാന്‍ തുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറുകയാണ്. 2.6 ലക്ഷം കോടി ഡോളറിന്റെ ഇന്ത്യന്‍ സമ്പദ്ഘടന ഇപ്പോള്‍ ‘ആനയെപ്പോലെ ഓടുക’യാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2019 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം 7.3 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 7.5 ശതമാനവുമായിരിക്കും ഇന്ത്യയുടെ സാന്പത്തിക വളര്‍ച്ചയെന്നാണ് അനുമാനം.

എണ്ണവില ഉയരുന്നതും ആഗോള സാമ്പത്തിക അസ്ഥിരതയും നികുതി വരുമാനത്തിലെ ഇടിവും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് ഐ.എം.എഫ്. ഓര്‍മിപ്പിച്ചു. കടത്തിന്റെ തോത് കുറയ്ക്കാനും നികുതിഘടന ലളിതമാക്കാനും ഇന്ത്യയുടെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച ഉപയോഗിക്കണം. നോട്ടു നിരോധനത്തിന്റെയും ജി.എസ്.ടി.യുടെയും പ്രത്യാഘാതങ്ങളില്‍നിന്ന് ഇന്ത്യന്‍ സമ്പദ്ഘടന തിരിച്ചുവരാന്‍ തുടങ്ങിയിട്ടുണ്ട്.

ജി.എസ്.ടി. നടപ്പാക്കിയപ്പോള്‍ ഹ്രസ്വകാല പ്രശ്നങ്ങളുണ്ടായെങ്കിലും ദീര്‍ഘകാലയളവില്‍ അത് നേട്ടം കൊണ്ടുവരും. വ്യവസായങ്ങളെ രക്ഷിക്കാനുള്ള ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി നിയമമാണ് മറ്റൊരു പ്രധാന നേട്ടം. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിസര്‍വ് ബാങ്ക് ഏതാനും വര്‍ഷങ്ങളായി കൈക്കൊള്ളുന്ന നടപടികളും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണകരമാണെന്ന് ഐ.എം.എഫ്. വിലയിരുത്തി. ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കാമെന്ന് ഐ.എം.എഫ്. നിര്‍ദേശിക്കുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: