വയനാട്ടില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് ഗണ്‍മാനെ നിയോഗിച്ചു

കല്‍പറ്റ: വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്ടിലെ എല്‍ഡിഎഫ്എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനമായി.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് ഗണ്‍മാനെ നിയോഗിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിന് ഗണ്‍മാനെ നിയോഗിച്ചിട്ടില്ലെന്നാണ് അറിവ്. അദ്ദേഹത്തിനും ഒരു പൊലീസുകാരനെ സുരക്ഷകാര്യങ്ങള്‍ നോക്കാന്‍ നിയോഗിക്കുമെന്നാണ് അറിവ്. വനാതിര്‍ത്തിയിലുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് പ്രത്യേക പൊലീസ് സുരക്ഷയും ഒരുക്കാന്‍ തീരുമാനമുണ്ട്.

സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.

കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയതോടെയാണ് വയനാട് ദേശീയശ്രദ്ധയാകര്‍ഷിക്കുന്നത്. അതുമുതലെടുക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ലഘുലേഖകള്‍ വയനാട്ടില്‍ ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കാര്യങ്ങളും സ്പഷ്യല്‍ ബ്രാഞ്ച് ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: