വനിതാ ട്വന്റി-20 ലോകകപ്പ്: അയര്‍ലന്‍ഡിനെ 52 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

ടി ട്വന്റി ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ സെമിഫൈനലില്‍. അയര്‍ലന്‍ഡിനെ 52 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ അവസാന നാലിലിടം പിടിക്കുകയായിരുന്നു. 2010-ന് ശേഷം ആദ്യമായാണ് ഇന്ത്യ ഈ നേട്ടത്തിലെത്തുന്നുന്നത്. അര്‍ധ സെഞ്ചുറി നേടിയ മിതാലി രാജിന്റെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 56 പന്തില്‍ 51 റണ്‍സായിരുന്നു മിതാലിയുടെ സംഭാവന.

ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സിന് പോരാട്ടം അവസാനിച്ചു. 38 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ഇസബെല്‍ ജോയ്‌സ് മാത്രമാണ് അയര്‍ലന്‍ഡ് നിരയില്‍ തിളങ്ങിയത്. രാധാ യാദവിന്റെ പതിനെട്ടാം ഓവറിന്റെ അവസാന മൂന്നു പന്തില്‍ ഒരു റണ്‍ഔട്ട് ഉള്‍പ്പെടെ മൂന്നു വിക്കറ്റുകളാണ് അയര്‍ലന്‍ഡിന് നഷ്ടമായത്.

ഇന്ത്യയ്ക്കായി രാധ യാദവ് മൂന്നു വിക്കറ്റും ദീപ്തി ശര്‍മ രണ്ടു വിക്കറ്റും നേടി. ടോസ് നഷ്ടമായ ഇന്ത്യയെ അയര്‍ലന്‍ഡ് ബാറ്റിങ്ങിനയക്കുകയായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന മികച്ച സ്‌കോറിന് ഇന്ത്യയ്ക്കു പിന്തുണയായത് മിതാലിയുടെ അര്‍ധ സെഞ്ചുറിക്കൊപ്പം സ്മൃതി മന്ദാന 29 പന്തില്‍ നേടിയ 33 റണ്‍സാണ്. അയര്‍ലന്‍ഡിനായി കിം ഗാര്‍ത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി.

മിക്ക ടീമുകളും സെമി ലക്ഷ്യമിട്ട് കുതിക്കുമ്പോള്‍ കളിച്ച രണ്ടിലും തോറ്റ അയര്‍ലന്‍ഡ് പുറത്തായി. രണ്ടാംനിരക്കാരിലെ വമ്പന്മാരായ അയര്‍ലന്‍ഡിനെ ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാക്കിയത് അവരുടെ ക്യാപ്റ്റനാണ്. കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ തോല്‍വിക്കുശേഷം നടന്ന പത്രസമ്മേളനത്തില്‍ സങ്കടം സഹിക്കാനാകാതെ ലോറ ഡെലാനെ വിതുമ്പിയിരുന്നു. ഇതു സോഷ്യല്‍മീഡിയയില്‍ വൈറലായി.

പാക്കിസ്ഥാനെതിരായ തോല്‍വി അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞായിരുന്നു മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡെലാനെ വിതുമ്പിയത്. ഞങ്ങള്‍ പ്രഫഷണല്‍ താരങ്ങളാണെങ്കില്‍, എത് സ്‌കോറാണ് ഞങ്ങള്‍ക്ക് പിന്തുടരാന്‍ പറ്റുക എന്നോര്‍ത്ത് അത്ഭുതം തോന്നുന്നു. 40 റണ്‍സിനാണ് പാക്കിസ്ഥാനോട് തോറ്റത്- കണ്ണീരണിഞ്ഞ് ഡെലാനെ പറഞ്ഞു.

https://twitter.com/WorldT20/status/1062666119474044929

 

എ എം

Share this news

Leave a Reply

%d bloggers like this: