വനിതകള്‍ക്ക് ആദ്യമായി ആഘോഷവേദിയില്‍ ഇടം നല്‍കി സൗദി അറേബ്യ

 

87-ാം സ്ഥാപകദിനത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ സൗദി അറേബ്യ ആദ്യമായി വനിതകള്‍ക്ക് ആഘോഷവേദിയില്‍ ഇടം നല്‍കി. കീഴ്വഴക്കങ്ങള്‍ക്ക് വ്യത്യസ്തമായി സംഗീത, കലാ പരിപാടികള്‍ക്ക് വേദിയായ ആഘോഷങ്ങളിലാണ് സ്ത്രീകള്‍ക്കും ഇടം ലഭിച്ചത്. ശനിയാഴ്ച നടന്ന ആഘോഷങ്ങള്‍ ദേശാഭിമാനം വര്‍ദ്ധിപ്പിക്കാനും സൗദികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

ഇന്ധന വരുമാനത്തെ മാത്രം ആശ്രയിക്കുന്നതില്‍ നിന്ന് മാറി, രാജ്യത്തെ സാമ്പത്തികരംഗത്തെ വൈവിദ്ധ്യവല്‍ക്കരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് രണ്ട് വര്‍ഷം മുമ്പ് നടപ്പിലാക്കിയ വിഷന്‍ 2030 പരിഷ്‌കരണ പരിപാടിയുടെ ഭാഗമായാണ് വനിതകള്‍ക്ക് റിയാദിലെ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷങ്ങള്‍ കാണാന്‍ അനുമതി നല്‍കിയത്. ഇത് കൂടാതെ ജിദ്ദയില്‍ 11 അറബ് സംഗീതജ്ഞരുടെ പരിപാടിയും വെടിക്കെട്ടും നാടോടി നൃത്തപരിപാടിയും മറ്റും സംഘടിപ്പിച്ചിരുന്നു. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സൗദികളെ മതാധിഷ്ടിതമായ ജീവിതചര്യകളില്‍ നിന്നും തുറന്നുവിടാനും കൂടി പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി സല്‍മാന്‍ രാജാവിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് രാജകുമാരന്റെ ചിത്രങ്ങള്‍ അടങ്ങിയ കൊടികളും ബാനറുകളും റിയാദില്‍ എമ്പാടും സ്ഥാപിച്ചിരുന്നു. സ്ഥാപകദിനം പ്രമാണിച്ച് ടെലികോം കമ്പനികള്‍ മുതല്‍ ഫര്‍ണീച്ചര്‍ കടകള്‍ വരെയുള്ള വാണിജ്യസ്ഥാപനങ്ങള്‍ ദേശാഭിമാന പ്രചോദിതമായ പരസ്യങ്ങള്‍ നിര്‍മ്മിക്കുകയും അവധി പ്രമാണിച്ച് ധാരാളം ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 17 നഗരങ്ങളിലായി നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക ആഘോഷങ്ങളില്‍ 1.5 ദശലക്ഷം സൗദികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: