വത്തിക്കാന്‍ ഇടപെട്ടു; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതല ഒഴിഞ്ഞു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷന്റെ ചുമതല താത്ക്കാലിതമായി ഒഴിഞ്ഞതായി സൂചന. ചുമതല കൈമാറുന്ന കാര്യം അറിയിച്ച് ബിഷപ്പ് രൂപതയിലെ വൈദികര്‍ക്ക് കത്തയച്ചു. ഫാ. മാത്യു കോക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വൈദികര്‍ക്കാണ് രൂപതയുടെ ഭരണപരമായ ചുമതല.

രൂപതയുടെ ഭരണപരമായ പദവി മാത്രമാണ് ഒഴിഞ്ഞത്. ബിഷപ്പ് എന്ന നിലയിലുള്ള ആധ്യാത്മിക പദവി അദ്ദേഹത്തിനുണ്ടാകും. പോലീസില്‍ ഹാജരാകാനായി കേരളത്തിലേക്ക് വരുന്നതിന് മുന്നോടിയായാണ് ചുമതല കൈമാറുന്നത്. ബിഷപ്പ് സ്ഥാനമൊഴിയണമെന്ന നിലപാട് വത്തിക്കാനില്‍ നിന്നും വന്നതിനെത്തുടര്‍ന്നാണ് താല്‍ക്കാലികമായെങ്കിലും ഇത്തരമൊരു തീരുമാനത്തിലേക്ക് ബിഷപ്പ് എത്തിയതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം സി.ബി.സി ഐ പ്രസിഡന്റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നു. കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വത്തിക്കാനിലായിരുന്നു. ബിഷപ് ചുമതലയില്‍ നിന്ന് മാറിനില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൈപ്പറ്റി. 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചു. മുന്‍കൂര്‍ ജാമ്യം അടക്കമുള്ള കാര്യങ്ങളില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് രൂപത അധികൃതര്‍ വ്യക്തമാക്കി.

അതേസമയം പീഡന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരം എട്ടാം ദിവസത്തില്‍ കടന്നു. സിറോ മലബാര്‍ സഭയിലെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും സമരത്തില്‍ പങ്കുചേരാന്‍ ഇന്നെത്തുമെന്നാണ് സൂചന. രാവിലെ മുതല്‍ സമരവേദിയിലേക്ക് നൂറുകണക്കിന് ആളുകള്‍ എത്തുന്നുണ്ട്. സേവ് അവര്‍ സിസ്റ്റര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

ജലന്തര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷണറീസ് ഓഫ് ജീസസിന് എതിരെ കേസെടുത്തു. കന്യാസ്ത്രീയുടെ സഹോദരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കന്യാസ്ത്രീയുടെ ചിത്രം അടങ്ങിയ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് മിഷണറീസ് ഓഫ് ജീസസ് ഇന്നലെ രാവിലെ പുറത്തുവിട്ടിരുന്നു. കേസില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തും.

എ എം

Share this news

Leave a Reply

%d bloggers like this: