വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്റെ പിന്തുണ.

കുര്‍ദിഷ് മുസ്ലിങ്ങളെ വേട്ടയാടുന്ന തുര്‍ക്കിക്ക് ഇമ്രാന്‍ ഖാന്റെ പിന്തുണ. സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനുമായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സംസാരിച്ചുവെന്നും, ‘എല്ലായ്‌പ്പോഴും എന്നപോലെ’ തുര്‍ക്കിയോട് പൂര്‍ണ്ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുവെന്നും പാക് സര്‍ക്കാര്‍ ട്വിറ്ററിലൂടെ അറിയിച്ചു. എര്‍ദോഗനുമായി സൗഹൃദബന്ധം പുലര്‍ത്തുന്ന ആളാണ് ഇമ്രാന്‍ ഖാന്‍. പല അവസരങ്ങളിലും പാക്കിസ്ഥാന്‍ തുര്‍ക്കിയുടെ കൂടെ നിന്നിട്ടുണ്ട്.

‘ഭീകരതയുമായി ബന്ധപ്പെട്ട തുര്‍ക്കിയുടെ ആശങ്കകള്‍ പാകിസ്ഥാന്‍ പൂര്‍ണ്ണമായും ഉള്‍ക്കോള്ളുന്നുവെന്ന് പ്രധാനമന്ത്രി അദ്ദേഹത്തോട് പറഞ്ഞതായി’ പാക് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ, ഭീകരവാദത്തിന്റെ ഫലമായി 40,000 ആളുകളെ നഷ്ടപ്പെട്ട തുര്‍ക്കി നേരിടുന്ന ഭീഷണികളെയും വെല്ലുവിളികളെയും പാകിസ്ഥാന് നന്നായി മനസ്സിലാകുമെന്നും പറയുന്നു. ഈ മാസം ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസമ്മേളനത്തില്‍വെച്ച് എര്‍ദോഗാന്‍ ജമ്മു കശ്മീര്‍ പ്രശ്നം ഉന്നയിച്ചിരുന്നു. അതിന് ഇമ്രാന്‍ ഖാന്‍ നന്ദി പറയുകയും ചെയ്തു.

‘യുഎന്‍ പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ചതിന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനോട് ഞാന്‍ നന്ദി പറയുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ തര്‍ക്കത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നു. യുഎന്‍ പ്രമേയങ്ങള്‍ക്കിടയിലും 8 ദശലക്ഷം ആളുകള്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുകയാണ്’ എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ജമ്മു കശ്മീരിലെ മുസ്ലീങ്ങളെ ഇന്ത്യ പീഡിപ്പിക്കുന്നുവെന്നും, അവരുടെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ആവര്‍ത്തിച്ച് ആരോപിക്കുന്ന സമയത്തു തന്നെയാണ് പാക്കിസ്ഥാന്‍ സിറിയയില്‍ തുര്‍ക്കി നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെ പിന്തുണയ്ക്കുന്നത്.

സിറിയയിലെ കുര്‍ദുകളും മുസ്ലീങ്ങളാണ്. അമേരിക്കയുടെ പിന്തുണയോടെ വടക്കുകിഴക്കന്‍ സിറിയ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് തിരിച്ചുപിടിച്ചത് അവരാണ്. അവരെയാണ് തുര്‍ക്കി വേട്ടയാടുന്നതും പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്നതും. താന്‍ ആഗോള മുസ്ലിം ഉമ്മത്തിന്റെ (സമൂഹത്തിന്റെ) നേതാവാണെന്നാണ് ഇമ്രാന്‍ ഖാന്‍ അവകാശപ്പെടുന്നത്. ലോകമെമ്പാടുമുള്ള ഇസ്ലാമോഫോബിയയെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞ മാസം യു.എന്നില്‍ പ്രസംഗിച്ച ആളാണ് അദ്ദേഹം. ഇസ്ലാമോഫോബിയയ്ക്കെതിരെ പോരാടാനുള്ള ശ്രമത്തിന്റെ ഭാഗമായി പാകിസ്ഥാനും തുര്‍ക്കിയും മലേഷ്യയും സംയുക്തമായി ഒരു ഇംഗ്ലീഷ് ഭാഷാ ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇസ്ലാമോഫോബിയയെ നേരിടുക, ഇസ്ലാമിനെക്കുറിച്ചുള്ള ‘തെറ്റിദ്ധാരണകള്‍’ നീക്കം ചെയ്യുക എന്നൊക്കെയാണ് ചാനലിന്റെ പ്രഥമലക്ഷ്യം.

Share this news

Leave a Reply

%d bloggers like this: