വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവിയില്‍ കൈകടത്തിലെന്ന് അമിത്ഷ

ഗുവാഹത്തി : ആര്‍ട്ടിക്കിള്‍ 371ല്‍ മാറ്റം വരുത്തില്ലെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വാക്ക് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിന് സ്വയംഭരണാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിക്കും പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതിനും പിന്നാലെയാണ് ഷായുടെ ഈ വാക്ക് നല്‍കല്‍. ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ച ശേഷം അസമിലെത്തിയ ഷാ ഗുവാഹട്ടിയിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

കശ്മീരിന്റെ സ്വയംഭരണാധികാരം നീക്കം ചെയ്തപ്പോള്‍ സമാനമായ നീക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്ന ഭീതി ഉയര്‍ന്നിരുന്നു. ഇത് സംഭവിക്കില്ലെന്ന ഉറപ്പാണ് ഷാ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 371. ഈ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ സംസ്‌കൃതിയെ നിലനിര്‍ത്തുവാനാണ് ഈ വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആര്‍ട്ടിക്കിള്‍ 371ബി-യാണ് അസമിന് പ്രത്യേക പദവി നല്‍കുന്നത്.

അസമിലെ ദേശീയ പൗരത്വ പട്ടിക സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പട്ടികയില്‍ ‘ഹിന്ദുക്കള്‍’ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ രംഗത്തുവന്നിരുന്നു. വലിയൊരു വിഭാഗീയതയുടെ സാഹചര്യമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും എല്ലാ വിഭാഗക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ അസമില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കപെടുന്ന സാഹചര്യം ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: