വടക്കന്‍ അയര്‍ലണ്ടിലെ ഐറിഷ് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; ലിയോവരേദ്കറിന് 1000 പ്രമുഖര്‍ ഒപ്പുവെച്ച കത്ത്.

ഡബ്ലിന്‍: ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്കിടയില്‍ വടക്കന്‍ അയര്‍ലണ്ടിലെ ഐറിഷ് പൗരന്മാര്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മന്ത്രി ലിയോ വരേദ്കറിന് ലഭിച്ചു. വടക്കുള്ള ഐറിഷുകാര്‍ക്ക് വേണ്ടി പ്രധാമന്ത്രി ലിയോവരേദ്കര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ കത്താണ് ഇതെന്ന് ഐറിഷ് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അയര്‍ലണ്ടിലെ കലാ-കായിക-ശാസ്ത്ര മേഖലയിലുള്ള ആളുകള്‍ ഒന്നിച്ച് ഒപ്പുവെച്ച കത്തില്‍ വടക്കന്‍ അയര്‍ലണ്ടിലെ ഐറിഷ് പൗരന്മാരുടെ അവകാശ സംരക്ഷണമാണ് പ്രധാന ആവശ്യം.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഡി.യു.പി സര്‍ക്കാര്‍ ഐറിഷ് പൗരന്മാരുടെ കാര്യത്തില്‍ അനുകൂല നിലപാട് എടുക്കാത്ത സാഹചര്യത്തിലാണ് വരേദ്കര്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യമുയരുന്നത്. വടക്ക് ഐറിഷ് ഭാഷ അംഗീകരിക്കാന്‍ പോലും ഇതുവരെ നിലവിലെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതുപോലെ സ്വവര്‍ഗവിവാഹമടക്കമുള്ള വിഷയങ്ങളിലും വടക്കന്‍ അയര്‍ലണ്ടിന്റെ തീരുമാനങ്ങള്‍ അനുകൂലമല്ല.

ബ്രെക്‌സിറ്റ് പൂര്‍ണ്ണമായും നടപ്പാക്കപ്പെടുന്നതോടെ അയര്‍ലാന്‍ഡ്-വടക്കന്‍ അയര്‍ലന്‍ഡ് അകലം കൂടും. ഇത് ഇവിടെയുള്ള ഐറിഷ് പൗരന്മാരുടെ അവകാശങ്ങളും ഇല്ലാതാക്കും. ഇവര്‍ക്ക് ഇ.യു ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. അതിര്‍ത്തിയിലുള്ള ഐറിഷുകാരെയാണ് ബ്രെക്‌സിറ്റ് നടപടികള്‍ സാരമായി ബാധിക്കുന്നത്.

ബ്രെക്‌സിറ്റ് വരുന്നതോടെ അതിര്‍ത്തികളില്‍ സഹവര്‍ത്തിത്തത്തോടെ ജീവിച്ചുവന്ന വടക്ക്-തെക്ക് ബന്ധം നിശ്ചലമാകും. ഇവരുടെ ജീവനോപാധികളും ഇല്ലാതായേക്കും. ഉദാഹരണത്തിന് അയര്‍ലണ്ടിലെ വടക്കന്‍ കൗണ്ടികളില്‍ ഉള്ളവര്‍ക്ക് വൈദ്യസഹായം തേടാന്‍ എളുപ്പ മാര്‍ഗ്ഗം വടക്കന്‍ അയര്‍ലാന്‍ഡ് തന്നെയാണ്. എന്നാല്‍ ബ്രെക്‌സിറ്റ് വരുന്നതോടെ ഇവര്‍ക്ക് വളരെ അകലത്തിലുള്ള തെക്കന്‍ ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടി വരും. ഹൃദയാഘാതം പോലെ വളരെ പെട്ടെന്ന് വൈദ്യ സഹായം തേടേണ്ടി വരുന്ന സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് വടക്കന്‍ അയര്‍ലണ്ടിന്റെ സഹായം തേടാന്‍ ആവില്ല. ഈ മേഖലയില്‍ ഉള്ള ഐറിഷ് പൗരന്മാരുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് വരേദ്കറിനെ ഓര്‍മ്മപ്പെടുത്തുക കൂടിയാണ് ഇത്തരം ആവശ്യങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: