വഞ്ചകരായ ക്രിസ്ത്യാനികളെക്കാൾ നല്ലത് നിരീശ്വരവാദികള്‍; വിമർശനവുമായി മാർപാപ്പ

വഞ്ചനാപരമായ ഇരട്ട ജീവിതം നയിക്കുന്ന ചില കത്തോലിക്കരെക്കാള്‍ നിരീശ്വരവാദിയാകുന്നതാണ് നല്ലതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഒരു കാര്യം ചെയ്യുകയും അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വഞ്ചനാപരമാണെന്ന് അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ ഒരു സ്വകാര്യ പ്രാര്‍ത്ഥന ചടങ്ങില്‍ മാര്‍പ്പാപ്പ ചൂണ്ടിക്കാണിച്ചു. അതൊരു ഇരട്ട ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭയുടെ ദുഷ്പ്രവണതകള്‍ക്കും കത്തോലിക്കരുടെ തെറ്റായ ജീവിതരരീതിക്കുമെതിരെ തുടര്‍ച്ചയായ വിമര്‍ശനം ഉന്നയിക്കുന്ന ആളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

‘ഞാന്‍ ഉറച്ച കത്തോലിക്കനാണ്. എല്ലാ കുര്‍ബാനകളിലും ഞാന്‍ പങ്കെടുക്കാറുണ്ട്. ഞാന്‍ ആ സംഘടനയിലും ഈ സംഘടനയിലുമൊക്കെ അംഗങ്ങളാണ്,’ ഇങ്ങനെ അവകാശപ്പെടുന്ന ആളുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എന്റെ ജീവിതം ക്രിസ്തീയമല്ല. ഞാന്‍ എന്റെ ജീവിനക്കാര്‍ക്ക് മര്യാദയ്ക്ക് ശമ്പളം കൊടുക്കാറില്ല. ഞാന്‍ ആളുകളെ ചൂഷണം ചെയ്യുന്നു. ഞാന്‍ വൃത്തികെട്ട വ്യവസായങ്ങള്‍ ചെയ്യുന്നു. ഞാന്‍ കള്ളപ്പണം വെളുപ്പിക്കുന്നു. ഒരു ഇരട്ട ജീവിതമാണ് ഞാന്‍ നയിക്കുന്നത്,’ എന്നു കൂടി ഇവരില്‍ ചിലര്‍ പറയണമെന്ന് അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ റേഡിയോ പ്രഭാഷണം സംപ്രേക്ഷണം ചെയ്തു.

പല കത്തോലിക്കരും ഇരട്ട ജീവിതം നയിക്കുന്നവരാണെന്നും അത് അപകീര്‍ത്തിക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ വ്യക്തി കത്തോലിക്കനാണെങ്കില്‍ നമ്മള്‍ നിരീശ്വരവാദിയായി ഇരിക്കണമെന്ന് ആളുകള്‍ പറയുന്നത് ധാരാളമായി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

2013-ല്‍ സഭയുടെ തലപ്പെത്തിയ ശേഷം തങ്ങളുടെ മതം അനുശാസിക്കുന്നത് പിന്തുടരണമെന്ന് അദ്ദേഹം പുരോഹിതന്മാരോടും സാധാരണക്കാരോടും നിരന്തരം ആവര്‍ത്തിക്കാറുണ്ട്. കുട്ടികളെ പുരോഹിതര്‍ ലൈംഗീകമായി പീഢിപ്പിക്കുന്നത് ‘ചെകുത്താന്റെ കുര്‍ബാനയ്ക്ക്’ തുല്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മാഫിയ ബന്ധമുള്ള കത്തോലിക്കര്‍ സ്വയം ഒഴിഞ്ഞുപോകണമെന്ന് പറഞ്ഞ അദ്ദേഹം, രാജാക്കന്മാരെ പോലെ പെരുമാറരുത് എന്ന് അദ്ദേഹം കര്‍ദ്ദിനാള്‍മാരെ ഉപദേശിച്ചിരുന്നു. നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന നാസ്തികരെ നല്ല ആളുകളായി കാണാന്‍ കത്തോലിക്കര്‍ തയ്യാറാവണമെന്ന് അധികാരമേറ്റ് രണ്ട് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം പറഞ്ഞിരുന്നു. പലപ്പോഴും എഴുതി തയ്യാറാക്കിയ പ്രസംഗങ്ങളുമായാണ് അദ്ദേഹം കുര്‍ബാനയ്ക്ക് എത്തുക.

എ എം

Share this news

Leave a Reply

%d bloggers like this: