വംശീയ വിദ്വേഷത്തിന് പരിഹാരം തേടി ജോല ലാമിനി പ്രധാനമന്ത്രിയെ തേടിയെത്തി

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വംശീയ വിദ്വേഷം കൊടികുത്തി വാഴുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോല ലാമിനി എന്ന 16-കാരി പ്രധാനമന്ത്രിയുടെ ഓഫീസില്‍. സൗത്ത് ആഫ്രിക്കന്‍ നിവാസിയായ ജോലയും കുടുംബവും 10 വര്‍ഷത്തോളം അയര്‍ലണ്ടില്‍ സ്ഥിരമായി താമസിച്ച് വരികകയാണ്. യു.എന്‍ ചില്‍ഡ്രന്‍ വിഭാഗമായ യുനിസെഫിന്റെ വേള്‍ഡ് ചില്‍ഡ്രന്‍സ് ഡേയുടെ ഭാഗമായ മത്സരത്തില്‍ പങ്കാളിയാണ് ഈ ആഫ്രിക്കക്കാരി.

ഗൊറില്ല എന്ന വാക്ക് ആളുകള്‍ തന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കുകയാണ് ഈ കറുത്തവര്‍ഗ്ഗക്കാരി. ദ്രോഗിടയില്‍ താമസിക്കുന്ന ജോല, പ്രധാനമന്ത്രി ലിയോ വരേദ്കറിനെ നേരിട്ട് കണ്ട് തന്റെ സങ്കടം ബോധിപ്പിക്കുകയായിരുന്നു. അയര്‍ലണ്ടിലെ കുട്ടികളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന വിഷയത്തിലാണ് ജോല യു.എന്നിന്റെ പരിപാടിയില്‍ മത്സരാര്‍ത്ഥി ആയത്. ഇതില്‍ തന്നെ വംശീയ വിദ്വേഷത്തെ ഇല്ലാതാക്കാന്‍ കഴിയുന്ന പരിഹാര മാര്‍ഗങ്ങളില്‍ ഊന്നിയാണ് ജോല വിഷയം തിരഞ്ഞെടുത്തത്.

സ്‌കൂള്‍, പൊതുസ്ഥലങ്ങള്‍, താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു കൂട്ടം മനുഷ്യര്‍ നിറത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു വിഭാഗത്തിന് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ വര്‍ണ്ണ വെറിയന്മാരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം അനുഭവങ്ങള്‍ നേരിട്ട ജോല കുട്ടികളില്‍ നിന്നും മാത്രമേ ഈ ചിന്താഗതിക്ക് മാറ്റം ഉണ്ടാക്കാന്‍ കഴിയുകയുള്ളു എന്ന് വിശ്വസിക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ച ലാമിനിയെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതില്‍ വരേദ്കര്‍ ഒരു പിശുക്കും കാണിച്ചില്ല. ലിമിനിയോട് കുശല വിവരങ്ങള്‍ തിരക്കിയും, നര്‍മ്മം പങ്കിട്ടും സംസാരത്തിലേര്‍പ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ വംശീയ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ നിയമ നടപടികള്‍ ശക്തമാക്കുമെന്ന് അറിയിച്ചു. എന്നാല്‍ നിയമത്തെക്കാള്‍ ഉപരി ബോധവത്കരണമാണ് വേണ്ടതെന്ന നിലപാടിലായിരുന്നു ഈ ആഫ്രിക്കക്കാരി. രാജ്യത്തെ സ്‌കൂളുകളില്‍ നിന്നും തന്നെ ഇത്തരം പരിപാടികള്‍ ആരംഭിക്കുന്നതാണ് അഭികാമ്യമെന്നും ലാമിനി സൂചിപ്പിച്ചു.

മത്സരത്തിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ കയറിയിറങ്ങി തനിക്ക് ആവുംവിധം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ലഭിക്കണമെന്ന് മാത്രമാണ് ലാമിനി ആവര്‍ത്തിച്ച് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: