നഴ്‌സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസ്… ഉതുപ്പ് വര്‍ഗീസ് അബുദാബിയില്‍ പിടിയിലായി

അബുദാബി: കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും കുഴല്‍പ്പണമാക്കി വിദേശത്തേക്ക് കടത്തുകയും ചെയ്ത കോട്ടയം പുതപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസ് അബുദാബിയില്‍ പിടിയിലായി. വിവരം സിബിഐയ്ക്ക് കൈമാറി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇയാളെ വൈകാതെ ഇന്ത്യയില്‍ എത്തിക്കും.

വിദേശത്തേക്ക് നഴ്‌സുകളെ നിയമിച്ചതിന്റെ പേരില്‍ മുന്നൂറ് കോടിയിലേറെ രൂപയുടെ അനധികൃത സന്പാദ്യമുണ്ടാക്കി എന്നതാണ് ഉതുപ്പ് വര്‍ഗിസിന് നേരെയുള്ള ആരോപണം. പത്തൊന്‍പതിനായിരം രൂപ വാങ്ങാന്‍ മാത്രം അനുമതി ഉണ്ടായിരിക്കേ ഓരോ നഴ്‌സില്‍ നിന്നും പത്തൊന്‍പതു ലക്ഷമാണ് ഉതുപ്പ് ഈടാക്കിയത്. ഈ കേസുമായി ബന്ധപ്പെട്ട് പ്രൊട്ടക്ടര്‍ ഒഫ് എമിഗ്രന്‍സ് അഡോല്‍ഫ് ലോറന്‍സിനെയും സി. ബി. ഐ അറസ്റ്റ് ചെയ്തിരുന്നു. ചട്ടവിരുദ്ധമായി ഉതുപ്പിന് ഒത്താശ ചെയ്ത കുറ്റമാണ് ഉദ്യോഗസ്ഥനില്‍ ചുമത്തിയത്.

നഴ്‌സുമാരുടെ പരാതി ഉയര്‍ന്നതോടെ കേരളം വിട്ട ഉതുപ്പ് കുവൈറ്റിലും യു. എ. യിലും മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍ തുകകള്‍ സംഭാവന കൊടുത്ത് അവരുടെയെല്ലാം വേണ്ടപ്പെട്ടവനായി മാറിയ ഉതുപ്പിനെ പിടികൂടാന്‍ ആദ്യമൊന്നും കാര്യമായ ശ്രമം ഉണ്ടായിരുന്നില്ല. അതിനെതിരെ പൊതുവികാരം ശക്തമായതോടെയാണ് സി.ബി. ഐ വിദേശത്തുള്ള ഇയാളെ പിടികൂടാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടിയത്.

സിബിഐ അന്വേഷിക്കുന്ന കേസിലെ മൂന്നാം പ്രതിയായ ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസും പുറപ്പെടിവിച്ചിരുന്നു.വിവിധ വിമാനത്താവളങ്ങില്‍ ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുകളും പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഉതുപ്പ് വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചു വരാനും കേസന്വേഷണവുമായി സഹകരിക്കാനും തയ്യാറാണെന്നും അറസ്റ്റ് ഒഴിവാക്കി നല്‍കണമെന്നും കോടതിയോട് ഉതുപ്പ് ആവശ്യപ്പെട്ടിരുന്നു. തന്റെ ഓഫീസില്‍ നിന്നും എല്ലാ രേഖകളും സിബിഐ പിടിച്ചെടുത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാരണം ബിസിനസ് രംഗത്തെ ശത്രുതയാണെന്നും ഉതുപ്പ് കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി ഇന്ത്യയിലെത്താത്ത വ്യക്തിക്ക് എങ്ങനെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കുക എന്നാണ് ചോദിച്ചത്. കേസ് നാല് ആഴ്ചത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: