ലോങ്ങ്‌ഫോര്‍ഡ് സീറോ മലബാര്‍ മാസ് സെന്റര്‍ അര്‍ദ ക്ലോണ്‍മാക്‌നോയിസ് ബിഷപ്പ് ഫ്രാന്‍സിസ് ഡഫി സന്ദര്‍ശിച്ചു

സീറോ മലബാര്‍ സഭയുടെ ലോങ്ങ്‌ഫോര്‍ഡ് മാസ് സെന്റര്‍ ( Our Lady’s Manor nursing home chapel , Edgeworthstown ,Co.Longford ) നവംബര്‍ 14 ന് അര്‍ദ ക്ലോണ്‍മാക്‌നോയിസ് ബിഷപ്പ് ഫ്രാന്‍സിസ് ഡഫി സന്ദര്‍ശിച്ചു .ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന് സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് നാഷണല്‍ കോഡിനേട്ടര്‍ മോണ്‍.ആന്റണി പെരുമായനച്ചന്റെ അദ്ധ്യക്ഷതയില്‍ കുടുംബ സംഗമം ആരംഭിച്ചു. പേപ്പല്‍ പതാകയും കൈകളിലേന്തിയ കുട്ടികള്‍ക്ക് നടുവിലൂടെ കേരള തനിമയോടെ മുത്തുക്കുടകള്‍ കൊണ്ട് അലങ്കരിച്ച ദേവാലയത്തിലേക്ക് എത്തിചേര്‍ന്ന പിതാവിനെ മോണ്‍.ആന്റണി പെരുമായാന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു .ഫാ .ജോസ് ഭരണിക്കുളങ്ങര എല്ലാവരേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബ്ബാന ആരംഭിച്ചു. മോണ്‍. ആന്റണി പെരുമായന്‍ , ഫാ.ജോസ് ഭരണിക്കുളങ്ങര ,അര്‍ദ ക്ലോണ്‍മാക്‌നോയിസ് ചാന്‍സിലര്‍ ഫാ . മൈക്കിള്‍ ബാനന്‍ ,മുള്ളിന്‍ഗര്‍ കത്തീഡ്രല്‍ അസി.വികാരി ഫാ. ജോസഫ് നൈക്കരക്കുടിയില്‍ , എഡ്ജ്വര്‍ത്ത്ടൗണ്‍ ഇടവക വികാരി ഫാ ബെല്‍ഗാന്‍ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരുന്നു.

കുര്‍ബ്ബാന മദ്ധ്യേ പിതാവ് സഭാ മക്കള്‍ക്ക് സന്ദേശം നല്‍കി .സഭാകൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെയും ,വിശ്വാസികളുടെ വി .കുര്‍ബ്ബാനയിലുള്ള പങ്കാളിത്തത്തെയും,കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെയും കുറിച്ച് പിതാവ് പ്രത്യേകം പ്രശംസിച്ചു. വി . കുര്‍ബ്ബാനയ്ക്ക് ശേഷം ബിഷപ്പിനും, ചാന്‍സിലറിനും കൂട്ടായ്മയുടെ സ്‌നേഹോപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ബിഷപ്പ് ഫ്രാന്‍സിസ് ഡഫിയുടെ സന്ദര്‍ശനം നമ്മുടെ കൂട്ടായ്മയ്ക്ക് ഒരു വലിയ അംഗീകാരമാണെന്ന് മോണ്‍സിഞ്ഞോര്‍ അഭിപ്രായപ്പെട്ടു. സഭയുടെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പിന്തുണയും പിതാവ് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. ലോങ്ങ്‌ഫോര്‍ഡ് മാസ് സെന്റര്‍ കോഡിനേറ്റര്‍ ജിജിമോന്‍ മാത്യു പിതാവിന്റെ സന്ദര്‍ശന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. Edge worthstown communtiy hall ല്‍ തയാറാക്കിയിരുന്ന സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Share this news

Leave a Reply

%d bloggers like this: