ലോക വനിതാ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്…

 

ലോകമെങ്ങുമുള്ള വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ദിനം. സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും ഒരുദിനം. ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വര്‍ഷവും മാര്‍ച്ച് 8 ന് ആചരിക്കുന്നു.

ജര്‍മ്മന്‍ വനിതാ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ക്ലാര സെറ്റ്കിന്‍ 1910ല്‍ ഡെന്മാര്‍ക്കില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തില്‍ മുന്നോട്ടുവെച്ച ആശയമാണ് വനിതാ ദിനം. ‘കുതിക്കാം പുരോഗതിക്കായ് എന്നതാണ് ഈ വര്‍ഷം വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെക്കുന്ന ആശയം. രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ രംഗങ്ങളില്‍ സ്ത്രീയുടെ തുറന്നുപറച്ചിലിന് വേദിയായ വര്‍ഷമാണ് കടന്നുപോയത്.

സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ ഓര്‍മ്മകളുമായി ഒരു ദിവസം. ജാതിമത ദേശ സാമ്പത്തിക സാംസ്‌കാരിക അതിര്‍ത്തികളെ ഇല്ലാതാക്കി സ്ത്രീകള്‍ അവര്‍ക്കായി കണ്ടെത്തിയ ദിനം. അവകാശ സമരത്തിന്റെ നിരവധി അനുഭവങ്ങളിലൂടെയാണ് ഈ ദിവസം പിറക്കുന്നത്. ചോരയും കണ്ണീരും വീണതിന്റെ ഓര്‍മ്മകള്‍. അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ആധിപത്യത്തിനെതിരായ പോരാട്ടത്തിന്റെയും ചരിത്രമുണ്ടതിന്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യവസായ വിപ്ലവത്തിലേക്ക് രാജ്യങ്ങള്‍ കുതികൊണ്ട കാലം. മനുഷ്യരെ യന്ത്രങ്ങള്‍ക്ക് സമാനമായി കല്‍പ്പിച്ച് പരമാവധി പിഴിഞ്ഞൂറ്റുകയെന്ന മുതലാളിത്ത തന്ത്രം വിജയം കണ്ട കാലം. പുരുഷന്‍മാരുടേതിനേക്കാള്‍ മോശം വേതനത്തില്‍ അതിലും മോശം തൊഴില്‍ സാഹചര്യങ്ങളില്‍, ചൂഷണങ്ങളില്‍ നരകിക്കുകയായിരുന്നു സ്ത്രീകള്‍. സഹനത്തിന്റെ ഒടുവില്‍ സ്ത്രീകള്‍ നടത്തിയ ഉജ്വലമായ മുന്നേറ്റത്തെയാണ് ഈ ദിനം കുറിക്കുന്നത്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെയും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വരിച്ച വിജയത്തിന്റെയും ഓര്‍മ്മപ്പെടലാണ് അന്താരാഷ്ട്ര വനിതാ ദിനം. കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ സാഹചര്യത്തിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്ന ആശയത്തിന് കാരണമായത്.

1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും അതിദീര്‍ഘമായ തൊഴില്‍ സമയത്തിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തി. ആ ശബ്ദം നൂറ്റാണ്ടുകളിലൂടെ സ്ത്രീ ശബ്ദമായി മാറി. ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം വേണ്ടിവന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി.

യു.എസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി വനിതാ വിഭാഗം അദ്ധ്യക്ഷ ക്ലാരസെട്കിനിന്റെ നേതൃത്വത്തിലായിരുന്നു ഇത്. അന്ന് 17 രാജ്യങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. തൊട്ടടുത്ത വര്‍ഷം, അതായത് ഒരു നൂറ്റാണ്ട് മുമ്പ് 1911 മാര്‍ച്ച് എട്ടിന്, അന്താരാഷ്ട്രതലത്തില്‍ ഈ ദിനം വനിതാ ദിനമായി ആചരിച്ചു. 1917 മാര്‍ച്ച് എട്ടിന് റഷ്യയില്‍ നടത്തിയ വനിതാ ദിന പ്രകടനം, റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1975ല്‍, ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.

പോരാട്ടത്തിന്റെ നൂറ്റാണ്ട് ചരിത്രമാണ് വനിതാ ദിനം പറയുന്നത്. നാം ജീവിക്കുന്ന സമൂഹം തുടര്‍പോരാട്ടത്തിലൂടെ ഉടച്ചുവാര്‍ക്കപ്പെടണ്ടേതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ സ്ത്രീകള്‍, പെണ്‍മക്കള്‍, കുഞ്ഞുങ്ങള്‍ എല്ലാവരുടെയും സുരക്ഷക്കായി സ്വയം ശക്തിപ്പെടേണ്ട കാലമായി എന്നാണ് ഈ ദിവസം നമ്മോട് പറയുന്നത്. ഓരോ വര്‍ഷവും,ഐക്യരാഷ്ട്രസഭയുടെ യു എന്‍ വുമന്‍ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെടുന്നത്. ആ വര്‍ഷം മുഴുവന്‍ അത് ലക്ഷ്യമാക്കിയുള്ള പ്രയത്നങ്ങളാണ് നടത്തുന്നത്. ഓരോ രാഷ്ട്രവും അവിടത്തെ സാഹചര്യത്തിനുതകുന്ന മുദ്രാവാക്യങ്ങള്‍ തയ്യാറാക്കുന്നതും പതിവാണ്. ‘കുതിക്കാം പുരോഗതിക്കായ് എന്നതാണ് ഈ വര്‍ഷം വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെക്കുന്ന ആശയം.

എല്ലാ അമ്മമാര്‍ക്കും സോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ലോകമെമ്പാടുമുള്ള എല്ലാ വനിതകള്‍ക്കും റോസ് മലയാളം ടീം വനിതാദിനാശംസകള്‍ നേരുന്നു.

 

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: