ലോക വനിതാ ദിനം, ഒരു ഓര്‍മ്മപ്പെടുത്തല്‍

സ്ത്രീകള്‍ക്കായി ഒരു ദിനം, വനിതാ ദിനം ഇന്ന് ഒരാഘോഷമായി മാറുമ്പോള്‍ സ്വന്തം തൊഴിലിടത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട് ഈ ദിനത്തിന്റെ ചരിത്രത്തിന്. സമത്വത്തിന് വേണ്ടി പ്രതിജ്ഞ എന്നതാണ് ഇത്തവണത്തെ വനിതാ ദിന സന്ദേശം.

1857 മാര്‍ച്ച് 8 ന് ന്യൂയോര്‍ക്കില്‍ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാ ദിനത്തിന് പാതയൊരുക്കിയത്. ടെക്്‌സ്റ്റൈല്‍ ഫാക്ടറികളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ചാണ് അന്ന് ആദ്യമായി പെണ്‍സ്വരം ഉയര്‍ത്തിയത്. കുറഞ്ഞ ശമ്പളത്തിനും ദൈര്‍ഘ്യമേറിയ ജോലിസമയത്തിനും മുതലാളിത്തത്തിനും, വോട്ട് ചെയ്യാനുള്ള അവകാശത്തിനുമെതിരെയായിരന്നു ആ സമരം. തുടര്‍ന്ന്് ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ അവകാശങ്ങള്‍ക്കായി സ്വരമുയര്‍ത്തി.

1910ല്‍ ജര്‍മനിയിലെ വനിതാ നേതാവും രാഷ്ട്രീയപ്രവര്‍ത്തകയുമായ ക്ലാരാ സെറ്റ്കിന്‍ ആണ് അന്താരാഷ്ട്ര തലത്തില്‍ വനിതാദിനത്തിന്റെ പ്രാധാന്യം എന്ന ആശയം ആദ്യമായി ലോകത്തിനുമുമ്പില്‍ കൊണ്ടുവന്നത്. 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാപ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ഇത്തരമൊരു ആശയം അവതരിപ്പിക്കപ്പെട്ടത്. ആ സമ്മേളനത്തില്‍ത്തന്നെ അതിന് അംഗീകാരവും ലഭിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം 1911ല്‍ അന്താരാഷ്ട്ര തലത്തില്‍ ഈ ദിനം ആചരിച്ചു. 1975ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.

ഇന്ത്യപോലൊരു രാജ്യത്ത് വനിതാ ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ദിനംതോറും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. സ്ത്രീകള്‍ക്കും തുല്യതയും അവകാശങ്ങളുമെല്ലാം ഉണ്ടെന്ന് വാദിക്കുമ്പോഴും സ്വന്തം വീട്ടില്‍ പോലും സ്ത്രീ സുരക്ഷിതയല്ല എന്നതാണ് സത്യം. പിതാവിന്റെ ക്രൂരമായ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് പീഡനം തടഞ്ഞില്ലെന്ന കുറ്റത്തിന് ശിക്ഷ വിധിച്ച നാടാണ് നമ്മുടേത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലാണ് രാജ്യത്തെ് നടുക്കിയ ഈ സംഭവം ഉണ്ടായത്.

ക്രൈം റിപ്പോര്‍ട്ട്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 34 വര്‍ഷത്തിനുള്ളില്‍ 873.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇന്ത്യയില്‍ ബലാല്‍സംഘ കേസുകളില്‍ ഉണ്ടായിട്ടുള്ളത്. ലോകത്ത് കാന്‍സര്‍ ബാധിച്ചു മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വനിതകള്‍ പീഡനത്തെ തുടര്‍ന്ന് മരിക്കുന്നു. ഓരോ 3 മിനിറ്റിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു, ഓരോ 29 മിനിറ്റിലും ഒരു ബലാത്സംഗം നടക്കുന്നു, ഓരോ 40 മിനിറ്റിലും ഒരു തട്ടിക്കൊണ്ടുപോകല്‍, ഓരോ 77 മിനിറ്റിലും ഒരു സ്ത്രീധന പീഡനമരണം, ഓരോ 9 മിനിറ്റിലും ഒരു ഭര്‍തൃപീഡനം എന്നിങ്ങനെയാണ് ഇന്ത്യയില്‍ സ്ത്രീ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ നിര നീളുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിര്‍ഭയയും സൗമ്യയുമൊക്കെ ഇന്നും നമ്മുടെ ഓരോരുത്തരുടേയും മനസ്സില്‍ നീറലോടെ അവശേഷിക്കുന്നു. ശക്തമായ നീതിന്യായ വ്യവസ്ഥയുടെ അഭാവം ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ വെറുതെ വിടുകയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്നു എന്നാണ് കഴിഞ്ഞ ദിവസത്തെ ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടനില്‍ പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികളെ ഇന്റര്‍നെറ്റ് വഴി വിദേശത്തുള്ള ആളുകളുമായി നിര്‍ബന്ധിത വിവാഹം കഴിപ്പിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഫ്രീഡം എന്ന സന്നദ്ധ സംഘടനായാണ് സംഭവം പുറംലോകത്തെത്തിച്ചത്.

എല്ലാ മേഖലകളിലും സ്ത്രീകള്‍ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന പരിഗണന സമൂഹം നല്‍കുന്നുണ്ടോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. വര്‍ഷം തോറും നടത്തുന്ന ഒരാഘോഷമാകാതെ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ സമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങുന്ന ദിനമാകട്ടെ ഈ വനിതാ ദിനം.

-വിഎന്‍-

Share this news

Leave a Reply

%d bloggers like this: