ലോക കേരള സഭയില്‍ കൂട്ട രാജി; പ്രതിഷേധം പ്രവാസികളോടുള്ള അവഗണനയെത്തുടര്‍ന്ന്…

പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചും ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയുടെയും പശ്ചാത്തലത്തില്‍ കേരള സര്‍ക്കാറിന്റെ ലോക കേരള സഭയില്‍ നിന്നു യുഡിഎഫ് എംഎല്‍എമാര്‍ രാജി വച്ചു. ലോ കേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും പ്രകിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് പ്രതിപക്ഷ എംഎല്‍എമാരും പുറത്ത് വരുന്നത്.

ചെന്നിത്തലയുടെ രാജിക്ക് പിന്നാലെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒമാനില്‍ നിന്നുള്ള ലോക കേരള സഭാ പ്രത്യേക ക്ഷണിതാവ് ശങ്കരപ്പിള്ള കുമ്പളത്ത് ഇന്നലെ രാജിവെച്ചിരുന്നു. തുടര്‍ച്ചയായി സര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുകയും അപമാനിക്കുകയുമാണെന്നും പ്രവാസികളുടെ ക്ഷേമത്തിന് എന്ന പേരില്‍ ആരംഭിച്ച ലോക കേരളസഭ സമ്പൂര്‍ണ പരാജയമാണെന്നും ആരോപിച്ചായിരുന്ന ശങ്കരപ്പിള്ള കുമ്പളത്തിന്റെ രാജി.

പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയും അവഗണന തുടര്‍ക്കഥയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം ശക്തമാവുകയാണ്. പ്രവാസി ക്ഷേമം, പ്രവാസി സംരംഭകര്‍ക്കുള്ള പ്രോത്സാഹനം, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച നയങ്ങളിലും നിയമങ്ങളിലും സാര്‍വദേശീയ കരാറുകളിലും ആവശ്യമായ മാറ്റങ്ങള്‍ വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും ശങ്കരപ്പിള്ള കുമ്പളത്ത് ആരോപിച്ചിരുന്നു.

ശങ്കരപ്പിള്ളയ്ക്ക് മുന്‍പ് യു.എ.ഇ., ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് പ്രതിനിധികളും അംഗത്വം ഉപേക്ഷിച്ചിരുന്നു. ഇന്‍കാസ് യു.എ.ഇ. പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍, ഒമാനില്‍നിന്നുള്ള പ്രതിനിധി സിദ്ധിഖ് ഹസ്സന്‍, ബഹ്‌റൈന്‍ ഒ.ഐ.സി.സി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം എന്നിവരാണ് തിങ്കളാഴ്ച രാജി പ്രഖ്യാപിച്ചത്. പ്രവാസി സമൂഹത്തോട് ഇടതുപക്ഷസമൂഹം കാട്ടുന്ന നീതിരഹിതവും ക്രൂരവുമായ സമീപനത്തില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജി.

Share this news

Leave a Reply

%d bloggers like this: