ലോക്സഭാ മുന്‍സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി: ലോക്സഭാ മുന്‍സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. 89 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഞായറാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായിരുന്നു. രക്തശുദ്ധീകരണം നടത്തുന്നതിനിടയിലായിരുന്നു ഹൃദയാഘാതം.

കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെ തുടര്‍ന്നും അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് 40 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം സുഖപ്പെട്ടതിനൊല്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലെത്തി. ശനിയാഴ്ച മുതല്‍ ശ്വസനയന്ത്രത്തിന്റെ സഹായത്തിലാണു കഴിഞ്ഞിരുന്നത്.

പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റര്‍ജി. ലോക് സഭാ സ്പീക്കര്‍ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് നേതാവാണ് അദ്ദേഹം. 2004 മുതല്‍ 2009 വരെയാണ് സ്പീക്കറായി പ്രവര്‍ത്തിച്ചത്. 2008ല്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സി.പി.എം, ചാറ്റര്‍ജിയോട് സ്പീക്കര്‍ പദവി രാജി വെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ 2008ല്‍ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയിലേക്കു തിരിച്ചുവരാന്‍ തനിക്കു മോഹമുണ്ടെന്നും താന്‍ പാര്‍ട്ടിയുടെ ശത്രുവല്ലെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സോമനാഥ് ചാറ്റര്‍ജി സി.പി.എമ്മിനു വീണ്ടും അഭിമതനായി മാറുന്നുവെന്നും സൂചനകളുണ്ടായിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: