ലോക്കല്‍ ഇലക്ഷന്‍: മലയാളി സ്ഥാനാര്‍ത്ഥികളും സജീവമായി രംഗത്ത്

ഡബ്ലിന്‍: അയര്‍ലണ്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മേയ് 24 ന് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത് മൂന്ന് മലയാളികള്‍ രംഗത്തെത്തി. ഫെബ്രുവരിയില്‍ തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ബേബി പെരേപ്പാടന് പുറമേ ഡണ്‍ലേരി കൗണ്ടി കൗണ്‍സിലിലേക്ക് റെജി സി ജേക്കബും,കോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് ഡോ. ലേഖ മേനോന്‍ മാര്‍ഗശേരിയുമാണ് പുതുതായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിലേക്ക് മത്സരിക്കുന്ന ബേബി പെരേപ്പാടന്‍ ഫിനഗേല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ജനവിധി തേടുന്നത്. 2009 ലെ തിരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്ന ഇദ്ദേഹം മണ്ഡലത്തില്‍ ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്രചരാണര്‍ത്ഥം കോഫി മോര്‍ണിംഗ് അടക്കമുള്ള പരിപാടികള്‍ പെരേപ്പാടന്‍ ക്രമീകരിച്ചിട്ടുണ്ട്

റെജി സി ജേക്കബ് ബ്‌ളാക്ക് റോക്ക് വാര്‍ഡില്‍ നിന്നാണ് മത്സരിക്കുന്നത്. അയര്‍ലണ്ടിലെ 20 ശതമാനത്തിലധികം വരുന്ന പ്രവാസികള്‍ക്ക് ഭരണതലത്തില്‍ നിന്നും നേരിടുന്ന അവഗണനകള്‍ തുറന്നുകാട്ടാനും,പ്രവാസികള്‍ നേരിടുന്ന ഭവന പ്രതിസന്ധിയടക്കമുള്ള പ്രശ്‌നങ്ങളില്‍ പൊതുജന ശ്രദ്ധയുയര്‍ത്താനുമായാണ് സ്ഥാനാത്ഥിത്വം വഴി ഉദ്ദേശിക്കുന്നതെന്ന് റെജി സി ജേക്കബ് പറയുന്നു.തിങ്കളാഴ്ച്ച രാവിലെ പത്രികാ സമര്‍പ്പണത്തോടെ പ്രചാരണം ഊര്‍ജ്ജിതമാക്കും.

ഡണ്‍ലേരി കൗണ്ടി കൗണ്‍സിലിന് കീഴിലുള്ള ഡണ്‍ലേരി ഇന്റഗ്രേഷന്‍ ഫോറം സംഘടിപ്പിക്കുന്ന പ്രത്യേക വോട്ടേഴ്സ് കാമ്പയിന്റെ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അയര്‍ലണ്ടില്‍ വോട്ടവകാശം വിനിയോഗിക്കേണ്ടവര്‍ക്കുള്ള വീഡിയോയും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു.വോട്ടര്‍ ലിസ്റ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യണ്ട വിധവും, വോട്ട് ചെയ്യേണ്ട വിധവുമുള്‍പ്പെടെയുള്ള വിവരണങ്ങള്‍ ഈ വീഡിയോയില്‍ ഉണ്ട്.

കോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്ന ഡോ.ലേഖാ എസ് മാര്‍ഗശേരിയും ജനങ്ങളെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളോടെയാണ് പ്രചാരണം ആരംഭിച്ചത്.മേയ് 7 വരെയാണ് വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാനുള്ള അവസരമുള്ളത്.അയര്‍ലണ്ടിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കുടിയേറ്റക്കാര്‍ നേരിട്ട് പങ്കെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ലേഖ പറയുന്നു.

Share this news

Leave a Reply

%d bloggers like this: