ലോകാവസാന നിലവറ ‘യില്‍ ആദ്യമായി വെള്ളം കയറി: കാരണം അന്തരീക്ഷ ഊഷ്മാവിന്റെ വ്യതിയാനം

പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കാനായി ഉണ്ടാക്കിയ ‘ലോകാവസാന നിലവറ’ (doomsday bank) ല്‍ ആദ്യമായി വെള്ളം കയറി. അന്തരീക്ഷോഷ്മാവിന്റെ വ്യതിയാനം കാരണം പ്രദേശത്തെ മഞ്ഞുരുകി വെള്ളം ‘ലോകാവസാന നിലവറ’ യിലേക്ക് ഒഴുകി എത്തുകയായിരുന്നു. എന്നാല്‍ ഈ വെള്ളം കുറച്ചു സമയത്തിനകം വീണ്ടും ഐസ് രൂപത്തിലേക്ക് മാറിയതിനാല്‍ വിത്തുകളെല്ലാം സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക് ധ്രുവത്തില്‍ നോര്‍വീജിയന്‍ ദ്വീപിലെ ‘വിത്ത് അറ’യിലാണ് വെള്ളം കയറിയത്. സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാര്‍ട്ടിന്റെ തുരങ്കത്തിനു മുന്നിലേക്ക് അപ്രതീക്ഷിതമായി മഞ്ഞുവെള്ളം ഒഴുകി എത്തുകയായിരുന്നു. ഇതോടെ വിത്തുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, ഇത്തരം ദുരന്തങ്ങള്‍ ഇനിയും സംഭവിച്ചാല്‍ വിത്തുകള്‍ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

ഇവിടെ (ആര്‍ക്ടിക്ക്) നാലു ദ്വീപുകള്‍ അടുത്തുകിടക്കുന്ന ഐസ് മൂടികിടക്കുന്ന സ്ഥലമുണ്ട്. സ്വാല്‍ബാര്‍ഡ് എന്നാണ് സ്ഥലത്തിന്റെ പേര്. ഇവിടെ എത്തിപ്പെടുക വളരെ ബുദ്ധിമുട്ടാണ്. ഈ നാലു ദ്വീപുകളില്‍ സ്പിറ്റ്സ്ബെര്‍ജന്‍ ദ്വീപിലെ കുന്നിനുള്ളില്‍ ഏകദേശം 130 മീറ്റര്‍ അകത്തായാണ് ‘ലോകാവസാന നിലവറ’ സ്ഥിതിചെയ്യുന്നത്. ഭൂമിയിലെ വിത്തുകളെല്ലാം വര്‍ഷങ്ങളോളം കേടുവരാതെ സൂക്ഷിക്കുകയാണ് ‘ലോകാവസാന നിലവറ’യുടെ മുഖ്യ ലക്ഷ്യം.

‘സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാല്‍ട്ട്’ (Svalbard Global Seed Vault) എന്നാണ് ഈ കേന്ദ്രത്തിനു നല്‍കിയിരിക്കുന്ന പേര്. പുറത്ത് ഈ ബോര്‍ഡും കാണാവുന്നതാണ്. ഭൂമിയില്‍ എന്തുദുരന്തമുണ്ടായാലും നേരിടാന്‍ ശക്തിയുള്ളതാണ് ഈ വിത്തുനിലവറ. പ്രളയം, യുദ്ധം, ഭൂകമ്പം, സുനാമി, ആറ്റംബോംബ് എന്നീ ദുരന്തങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ ഈ നിലവറയ്ക്ക് കഴിയുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. വന്‍ ദുരന്തത്തിലൂടെ ഭൂമി തകര്‍ന്നാലും വരുന്ന തലമുറയ്ക്ക് വീണ്ടും കൃഷിതുടങ്ങാനുള്ള ലക്ഷ്യവുമായാണ് വിത്ത് നിലവറ നിര്‍മിച്ചിരിക്കുന്നത്.

40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുന്ന നിലവറയില്‍ ഇപ്പോള്‍ ഏകദേശം 8,60,000 വിത്തുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിത്തുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ലോകാവസാന വിത്തു നിലവറയുടെ കാര്യങ്ങള്‍ നോക്കുന്നത് ഗ്ലോബല്‍ ക്രോപ്പ് ഡൈവേഴ്സിറ്റി ട്രസ്റ്റാണ് (GCDT). വിവിധ രാജ്യങ്ങളിലായി 1400ലേറെ വിത്ത് നിലവറകള്‍ നിലവിലുണ്ട്. ഇവരുടെയെല്ലാം സഹായത്തോടെയാണ് ഇത്രയും വിത്തുകള്‍ സ്വരൂപിച്ചത്.

നോര്‍വെയാണ് ഇത്തരമൊരു പദ്ധതിക്കായി സഹായം നല്‍കിയത്. ആര്‍ക്ടിക്കില്‍ പല സമയങ്ങളിലും സൂര്യനും ചന്ദ്രനും ഉദിക്കാറില്ല. ഇവിടെ മൈനസ് 18 ഡിഗ്രിസെല്‍ഷ്യസ് തണുപ്പാണ്. ഇതിനാല്‍ നിലവറയിലെ വൈദ്യുതി നഷ്ടമായാലും 1000 വര്‍ഷത്തോളം വിത്തുകള്‍ കേടുവരാതെ സൂക്ഷിക്കാനാകും.

2008 ലാണ് ലോകാവസാന വിത്തുബാങ്ക് തുടങ്ങുന്നത്. വര്‍ഷങ്ങളോളം നിരവധി പേര്‍ ചേര്‍ന്ന് നിര്‍മിച്ച നിവറയുടെ അകം അത്ഭുതപ്പെടുത്തുന്നതാണ്. അന്നത്തെ യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഷുസെ മാനുവല്‍ ബരോസോ, നൊബേല്‍ പ്രൈസ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ വാന്‍ഗാരി മാതായി, നോര്‍വീജിയന്‍ പ്രധാനമന്ത്രിയായിരുന്ന ജെന്‍സ് സ്റ്റോള്‍റ്റെന്‍ബര്‍ഗ് എന്നിവരെല്ലാം ചേര്‍ന്നാണ് ഈ ഭീമന്‍ വിത്തു നിലവറയ്ക്ക് തുടക്കമിട്ടത്.

ലോകാവസാന വിത്തുനിലവറയുടെ ഭാഗമാകാന്‍ ഇന്ത്യയ്ക്കും സാധിച്ചിട്ടുണ്ട്. രാജ്യത്തെ വിത്തു സൂക്ഷിക്കുന്ന ഇന്റര്‍നാഷണല്‍ ക്രോപ്സ് റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ദി സെമി ആരിഡ് ട്രോപിക്സി (ICRISAT) പദ്ധതിയുടെ ഭാഗമായി. ഒരു ലക്ഷത്തോളം വിത്തുകളാണ് ഇന്ത്യയില്‍ നിന്നു നല്‍കിയത്. ലോകത്തെ പ്രമുഖ വിത്തുബാങ്കുകളില്‍ നിന്നാണ് ഭീമന്‍ വിത്തുനിലവറയിലേക്ക് വിത്തുകള്‍ ശേഖരിച്ചത്.

വിത്തുനിലവറയില്‍ ആരും ജോലി ചെയ്യുന്നില്ല. സെക്യൂരിറ്റിയുമില്ല. മോഷന്‍ ഡിറ്റെക്ടറുകളുടെയും ക്യാമറകളുടെയും സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പുറത്തുനിന്നാണ് വിത്തുബാങ്കിന്റെ അകം നിരീക്ഷിക്കുന്നത്. നാലു വാതിലുകളാണ് ഭീമന്‍ വിത്തുബാങ്കിനുള്ളത്. സാങ്കേതിക സംവിധാനമുള്ള താക്കോലുകള്‍ കൊണ്ടാണ് വാതിലുകള്‍ പൂട്ടിയിരിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: