ലോകശക്തികളെ മറിക്കടന്ന് വിന്‍ഡ് ടണല്‍ എന്ന നേട്ടവും ഐഎസ്ആര്‍ഒ സ്വന്തമാക്കി

ബഹിരാകാശയാനങ്ങളുടെ പരീക്ഷണങ്ങള്‍ക്കും രൂപകല്‍പ്പനയ്ക്കുമായി ലോകത്തെ മൂന്നാമത്തെ വലിയതും ശേഷി കൂടിയതുമായ പരീക്ഷണശാലാ സമുച്ചയം കേരളത്തില്‍ തിരുവനന്തപുരത്ത് യാഥാര്‍ഥ്യമായി. ബഹിരാകാശ ദൗത്യവാഹനങ്ങളുടെ പരീക്ഷണത്തില്‍ നിര്‍ണായകമായ ഹൈപ്പര്‍ സോണിക് വിന്‍ഡ് ടണലാണ് ഐഎസ്ആര്‍ഒ യാഥാര്‍ഥ്യമാക്കിയത്. വലിപ്പത്തിലും ശേഷിയിലും ലോകത്തിലെ മൂന്നാമത്തെ വിന്‍ഡ് ടണലാണ് തിങ്കളാഴ്ച വിഎസ്എസ്സിയില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്.കിരണ്‍ കുമാര്‍ കമ്മിഷന്‍ ചെയ്തത്.

ബഹിരാകാശ ദൗത്യത്തിനുള്ള വാഹനങ്ങള്‍ ഭ്രമണപഥത്തിലേക്ക് ഉയരുമ്പോഴും തിരികെ ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോഴുമുളള സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചു പരീക്ഷണം നടത്താനാണു വിന്‍ഡ് ടണലുകള്‍ ഉപയോഗിക്കുന്നത്. ശബ്ദത്തേക്കാള്‍ ആറിരട്ടി വരെ വേഗത്തില്‍ സഞ്ചരിക്കുന്ന വിക്ഷേപണ വാഹനങ്ങളുടെ രൂപകല്‍പനയ്ക്ക് അനുയോജ്യമായ വിന്‍ഡ് ടണലുകളിലാണ് ഇതുവരെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്.

ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ യാഥാര്‍ഥ്യമായതോടെ ശബ്ദത്തിന്റെ 12 ഇരട്ടിവരെ വേഗത്തില്‍ സഞ്ചരിക്കുന്ന ബഹിരാകാശ വാഹനങ്ങളുടെ പരീക്ഷണങ്ങള്‍ ഫലപ്രദമായി നടത്താന്‍ ഐഎസ്ആര്‍ഒയ്ക്കു കഴിയും. ഇന്ത്യയുടെ ഭാവി ബഹിരാകാശദൗത്യങ്ങളില്‍ ഹൈപ്പര്‍ സോണിക് വിന്‍ഡ് ടണല്‍ സുപ്രധാന പങ്കുവഹിക്കുമെന്ന് എ.എസ്. കിരണ്‍കുമാര്‍ പറഞ്ഞു.

മറ്റു രാജ്യങ്ങളില്‍ നിന്നു ലഭ്യമാകാനിടയില്ലാത്ത സാങ്കേതികവിദ്യ ഇന്ത്യയ്ക്കു തദ്ദേശീയമായി നിര്‍മിക്കാനായതു മികവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

 

എ എം

Share this news

Leave a Reply

%d bloggers like this: