ലോകത്ത് ഏറ്റവുമധികം പ്രവാസി പണം സ്വീകരിക്കുന്ന രാജ്യം ഇന്ത്യ; പ്രധാന സ്രോതസ്സ് യൂറോപ്പ്

 

ലോകത്ത് ഏറ്റവുമധികം വിദേശത്തുള്ള പ്രവാസികളില്‍ നിന്ന് പണം സ്വീകരിക്കുന്ന രാജ്യം ഇന്ത്യ നിലനിര്‍ത്തിയതായി റിപ്പോര്‍ട്ട്. 69 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വരുമാനം. ചൈനയാണ് രണ്ടാം സ്ഥാനത്ത് (64 ബില്യണ്‍ ഡോളര്‍), ഫിലിപ്പൈന്‍സ് (33 ബില്യണ്‍ ഡോളര്‍), ലോകത്താകെ ഇത്തരത്തില്‍ പണമടക്കുന്നതില്‍ ഏഴ് ശതമാനം വര്‍ദ്ധനവുണ്ടായതായി ലോകബാങ്ക് പറയുന്നു. 2016ല്‍ 573 ബില്യണ്‍ ഡോളര്‍ ആയിരുന്നത് 2017ല്‍ 613 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. എണ്ണവിലയിലെ വര്‍ദ്ധനവും യൂറോയുടേയും റൂബിളിന്റേയും മൂല്യം ഉയര്‍ന്നതും ഇതിന് കാരണമായിട്ടുണ്ട് എന്നാണ് ലോകബാങ്ക് പറയുന്നത്. ലോക ബാങ്ക് റിപ്പോര്‍ട്ടിലെ കുടിയേറ്റവും വികസനവും എന്ന ഭാഗത്താണ് ഇത് പറയുന്നത്.

2018ല്‍ പണമയയ്ക്കുന്നതില്‍ 4.1 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാവും. ആഗോള തലത്തിലും പ്രവാസി പണ വിനിമയത്തില്‍ 4.6 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്ന് ലോക ബാങ്ക് പറയുന്നു. മിഡില്‍ ഈസ്റ്റിലേയ്ക്കും നോര്‍ത്ത് ആഫ്രിക്കയിലേയ്ക്കുമുള്ള റെമിറ്റന്‍സില്‍ 9.3 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈജിപ്റ്റിലേയ്ക്കാണ് ഏറ്റവുമധികം പണമൊഴുകുന്നത്. അതേസമയം സൗദിയില്‍ തൊഴില്‍ രംഗത്തെ സ്വദേശിവത്കരണം വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സബ്സിഡികള്‍ വെട്ടിക്കുറച്ചതും വിവിധ ഫീസുകളിലെ വര്‍ദ്ധനവും പല ഗള്‍ഫ് രാജ്യങ്ങളും മൂല്യവര്‍ദ്ധിത നികുതി കൊണ്ടുവന്നതും പ്രവാസി തൊഴിലാളികളുടെ ജീവിത ചെലവ് കൂട്ടിയിട്ടുണ്ട്.

യുഎഇയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നതില്‍ 35.2 ശതമാനവും ഇന്ത്യയിലേയ്ക്കാണ്. അതേസമയം യൂറോപ്പില്‍ നിന്നും യുഎസില്‍ നിന്നുമുള്ള പണ വിനിമയം ശക്തമായി തുടരുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള റെമിറ്റന്‍സില്‍ കുറവുണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: