ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുന്നത് ഇന്ത്യക്കാരെന്ന് ബിബിസിയുടെ പഠന റിപ്പോര്‍ട്ട്

ലോകമൊട്ടാകെ ആശങ്കയുയര്‍ത്തുകയാണ് സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങള്‍. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളുമാണ് പല സമൂഹ മാധ്യമ ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളുടെ ഇത്തരം സ്വാധീനം വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടും വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച് സംഘര്‍ഷങ്ങളും അശാന്തിയും വിദ്വേഷവും സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. സമൂഹമാധ്യമങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്യപ്പെടുകയാണ് ഇവിടെ. വ്യാജവാര്‍ത്തകളെ സംബന്ധിച്ച് ഇപ്പോള്‍ ബിബിസി നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കുന്നതാണ്.

ഇന്ത്യയില്‍ സാധാരണക്കാര്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ബി.ബി.സി. കണ്ടെത്തിയിരിക്കുന്നത്. ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശത്തില്‍, ഒന്ന് പശോധിക്കുക പോലും ചെയ്യാതെ ജനങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പങ്കുവെക്കുകയാണെന്നും ബി.ബി.സിയുടെ പഠനത്തില്‍ പറയുന്നു.

സാധാരണക്കാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ എങ്ങനെ പങ്കാളികളാകുമെന്നും തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും എങ്ങനെ ജനങ്ങളെ ബാധിക്കുമെന്നും കണ്ടെത്താന്‍, ബിബിസി വേള്‍ഡ് സര്‍വീസ് ബിയോണ്ട് ഫെയ്ക്ക് ന്യൂസ് എന്ന പേരില്‍ നടത്തുന്ന ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജപോസ്റ്റുകള്‍ ആള്‍ക്കൂട്ട മര്‍ദനത്തിലും കൊലപാതകങ്ങളിലും വരെ കലാശിച്ചു. അപകടകരമായ നിലയിലേക്കാണ് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രാചരണങ്ങള്‍ ജനജീവിതത്തെ കൊണ്ടെത്തിക്കുന്നത്.

16,000 ട്വിറ്റര്‍ അക്കൌണ്ടുകളും 3,200 ഫേസ്ബുക്ക് പേജുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടൊപ്പം കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലും സാധാരണക്കാര്‍ക്കിടയില്‍ ഗവേഷണം നടത്തി. കെനിയയില്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത് അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. നൈജീരിയയില്‍ ഭീകരതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് പ്രചാരം കൂടുതല്‍. മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാക്കുന്ന വാര്‍ത്തകളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നതെന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. സമാനമായ സംഭവം കേരളവും അടുത്ത കാലത്ത് കണ്ടതാണ്. ആരെങ്കിലും വാട്ട്‌സ്ആപ്പിലോ ഫേസ്ബുക്കിലോ പ്രചരിപ്പിക്കുന്ന വാര്‍ത്ത വസ്തുത അറിയാതെയും മനസിലാക്കാതെയും പ്രചരിപ്പിക്കുകയാണ് ബഹുഭൂരിപക്ഷം ആളുകളും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: