ലോകത്തെ മികച്ച 25 ഹാക്കര്‍മാരില്‍ ഒരാളായി മലയാളിയായ ബെനില്‍ഡ് ജോസഫ്

ലോകത്തെ മികച്ച 25 ഹാക്കര്‍മാരില്‍ സൈബര്‍ കുറ്റാന്വേഷകന്വേഷകനായ മലയാളിയും ഉള്‍പ്പെടുന്നു. വയനാട് നടവയല്‍ സ്വദേശിയും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലെ അംഗവുമായ ബെനില്‍ഡ് ജോസഫാണ് ഈ പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരന്‍. സൈബര്‍ സുരക്ഷാ രംഗത്തെ നിരവധി പുസ്തകങ്ങള്‍ രചിച്ച റോജര്‍ എ. ഗ്രിന്‍സിന്റെ ഏറ്റവും ഒടുവിലത്തെ പുസ്തകമായ ഹാക്കിംഗ് ദി ഹാക്കര്‍ എന്ന സൈബര്‍ ബുക്കിലാണ് ഇന്ത്യയില്‍ നിന്നും ലിംക ബുക് ഓഫ് റെക്കോര്‍ഡുകാരനും 25കാരനുമായ വൈറ്റ് ഹാക്കര്‍ ബെനില്‍ഡ് ജോസഫിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സര്‍ക്കാരിന്റെയും വിവിധ ഐടി അധിഷ്ഠിത കോര്‍പ്പറേറ്റ് കമ്പനികളുടേയും സൈബര്‍ സുരക്ഷാ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ആളാണ് ബെനില്‍ഡ് ജോസഫ്. ഇന്ത്യയിലും വിദേശത്തും നടക്കുന്ന അന്തര്‍ദേശീയ വിവരസാങ്കേതിക സുരക്ഷാ സമ്മേളനത്തിലെ സ്ഥിരം വക്താവാണ് ഇദ്ദേഹം. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, ഇന്ത്യന്‍ ഇഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷണല്‍ സൈബര്‍ ത്രട്ട് ടാസ്‌ക് ഫോഴ്സ് എന്നിവയും സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലും അംഗമാണ്. സിസിസിഐ എന്ന ബുക്കിന്റെ രചയിതാവുകൂടിയാണ്.

പ്രസിദ്ധമായ ഒട്ടേറെ വെബ്സൈറ്റുകളുടേയും ഫേസ്ബുക്കിന്റേയും യാഹു, ബ്ലാക്ക്ബെറി, സോണി മ്യൂസിക്, ടെസ്‌കോ, ആസ്ട്രാസ് ഇനീഷ്യ, വോഡാഫോണ്‍, ഡോയിഷ് ടെലികോം തുടങ്ങിയവയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്നു. സൈബര്‍ കുറ്റാന്വേഷണരംഗത്ത് സര്‍ക്കാരിനേയും കമ്പനികളേയും സഹായിക്കുന്നതോടൊപ്പം വിവരസാങ്കേതികരംഗത്തെ സുരക്ഷയ്ക്കുവേണ്ടിയുള്ള പ്രത്യേക ഡൊമെയ്നും ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ഫോറന്‍സ് ഇന്‍വെസ്റ്റിഗേഷനില്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഇപ്പോള്‍. ഇന്റര്‍നെറ്റ് സുരക്ഷ, വെബ് ആപ്ലിക്കേഷന്‍, ഡാറ്റാ ഫോറന്‍സിക്, മൊബൈല്‍ സുരക്ഷ തുടങ്ങിയവയില്‍ ചെറുപ്പം മുതലേ ഏറെ തല്‍പരനാണിദ്ദേഹം.

ഇന്ത്യക്ക് നേരെ നടന്ന പ്രധാന സൈബര്‍ ആക്രമണങ്ങളില്‍ ശത്രുപക്ഷത്തെ ഹാക്കറെ കണ്ടെത്തുന്നതിന് നിര്‍ണായക തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ബെനില്‍ഡ് ജോസഫ് കൈമാറിയിട്ടുണ്ട്. സൈബര്‍ കുറ്റങ്ങള്‍ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വര്‍ഷങ്ങളായി പരിശീലനവും നല്‍കിവരുന്നു. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിംഗ്, സൈബര്‍ കുറ്റം, ഡിജിറ്റല്‍ ഫോറന്‍സിക് തുടങ്ങിയവയില്‍ വന്‍കിട കമ്പനികള്‍ക്കുള്ള ഒരു കൗണ്‍സിലര്‍ കൂടിയാണിദ്ദേഹം.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തംഗം മേരിയുടെ മകനായ ബെനില്‍ഡ് ജോസഫ് എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സമൂഹമാധ്യമമായ ബെന്‍സ്‌കൂട്ട് സ്വയം വികസിപ്പിച്ചെടുത്തിരുന്നു. വിവരസാങ്കേതികാധിഷ്ഠിത സേവന സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏറെ തത്പരനായ ഇദ്ദേഹം അത്തരത്തിലുള്ളവര്‍ക്ക് ഒരു മികച്ച ഉപദേശകന്‍കൂടിയാണ്. അന്തര്‍ദേശീയതലത്തില്‍ ബെനില്‍ഡ് ഉള്‍പ്പെടെ 17 ഹാക്കര്‍മാരുടെ വിവരങ്ങളും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളുമാണ് റോജര്‍ എ. ഗ്രിന്‍സിന്റെ ഹാക്കിംഗ് ദ ഹാക്കറില്‍ ഉള്ളത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: