ലോകത്തെ ഞെട്ടിച്ച് വീണ്ടും വിവരചോര്‍ച്ച; പാസ്വേര്‍ഡുകളടക്കം 80 കോടിയോളം വ്യക്തിഗത വിവരങ്ങള്‍ പുറത്ത്

ലോകത്തെ ഞെട്ടിച്ച് വീണ്ടും വിവര ചോര്‍ച്ച വെളിപ്പെടുത്തല്‍. 77 കോടിയിലധികം പേരുടെ ഇമെയില്‍ വിലാസങ്ങളും 2.1 കോടി പാസ്വേഡുകളും ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചതായി സൈബര്‍ സുരക്ഷാ ഗവേഷകനായ ട്രോയ് ഹണ്ട് വെളിപ്പെടുത്തി. ഹണ്ട് പുറത്തുവിടുന്ന കണക്കനുസരിച്ച് 772,904,991 ഇമെയില്‍ വിലാസങ്ങളും 21,222,975 കോടി പാസ് വേഡുകളും ഓണ്‍ലൈന്‍ വഴി പരസ്യമാക്കപ്പെട്ടിട്ടുണ്ട്.

ഇമെയിലുകളും പാസ്വേഡുകളും അടക്കം 270 കോടിയിലധികം രേഖകള്‍ ‘കളക്ഷന്‍ #1’ എന്ന പേരിലുള്ള ഈ ഡാറ്റാ ശേഖരത്തിലുണ്ടെന്ന് ട്രോയ് ഹണ്ട് തന്റെ ‘ഹാവ് ഐ ബീന്‍ പൗണ്‍ഡ്’ (Have I Been Pwned ) എന്ന വെബ്സൈറ്റില്‍ പറയുന്നു. 84 ജിബി വലിപ്പമുള്ള ഫയലാണ് കളക്ഷന്‍ #1. ഇതില്‍ 12,000 വ്യത്യസ്ത ഫയലുകളിലാണ് വിവിധ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്.

മെഗാ (mega) എന്ന പേരിലുള്ള ക്ലൗഡ് ഷെയറിങ് ഹാക്കിങ് ഫോറത്തിലാണ് ഈ ഫയല്‍ പരസ്യമാക്കിയത്. ഈ ഫയല്‍ ഇതിനോടകം പിന്‍വലിക്കപ്പെട്ടതായി ഹണ്ട് പറഞ്ഞു. വെബ്സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ പാസ് വേഡുകള്‍ ‘ഹാഷ്’ പാസ് വേഡുകളായാണ് ശേഖരിച്ചുവെക്കുന്നത്. പാസ് വേഡുകളുടെ സുരക്ഷക്കാണ് ഈ രീതിയില്‍ പാസ് വേഡ് ശേഖരിക്കുന്നത്. സങ്കീര്‍ണമായ ഗണിത പ്രക്രിയയിലൂടെ സൃഷ്ടിക്കുന്ന ഹാഷ് പാസ് വേഡുകളില്‍ അക്ഷരങ്ങളും, അക്കങ്ങളുമാണ് ഉണ്ടാവുക. അടുത്ത തവണ വീണ്ടും പാസ് വേഡ് ഉപയോഗിക്കുമ്പോള്‍ ഈ ഹാഷ് പാസ് വേഡുമായാണ് തട്ടിച്ചുനോക്കുക.

സുരക്ഷിതമെന്ന് കരുതുന്ന ഈ ഹാഷ് പാസ് വേഡ് സംവിധാനത്തെ ക്രാക്ക് ചെയ്താണ് ഹാക്കര്‍മാര്‍ പാസ് വേഡുകള്‍ കൈക്കലാക്കിയതെന്ന് ഹണ്ട് പറയുന്നു. കളക്ഷന്‍ #1 ഫയലിലുള്ള വിവരങ്ങളെല്ലാം ഹാവ് ഐ ബീന്‍ പൗണ്‍ഡ്’ വെബ്സൈറ്റില്‍ ട്രോയ് ഹണ്ട് അപ് ലോഡ് ചെയ്തിട്ടുണ്ട്. ഈ വെബ്സൈറ്റ് വഴി നിങ്ങളുടെ ഇമെയിലും പാസ് വേഡുകളും ചോര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: