ലോകത്തെ അമ്പരപ്പിച്ച ബ്രസീലിയന്‍ ബാലന്‍, നെല്‍സണിന്റെ ധീരതയ്ക്ക് പാപ്പയുടെ അംഗീകാരം

വത്തിക്കാന്‍ സിറ്റി: കാന്‍സര്‍ രോഗത്തിന്റെ കഠിന വേദനകളെ ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി സമ്മാനമായി സ്വീകരിച്ച കുഞ്ഞുനെല്‍സണിന്റെ (നെല്‍സിനോ സന്താന) ധീരതയ്ക്കുമേല്‍ ഫ്രാന്‍സിസ് പാപ്പയുടെ കൈയൊപ്പ്. കാന്‍സര്‍ ബാധിതനായി മരണമടഞ്ഞ ഒമ്പത് വയസുകാരന്‍ നെല്‍സണ്‍ സന്താനയാണ് ധന്യരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. സഹനം തന്ന ദൈവത്തെ കുറ്റപ്പെടുത്താത്ത, തന്റെ സഹനത്തെപ്രതി ദൈവത്തെ കുറ്റപ്പെടുത്തരുതെന്ന് പ്രിയപ്പെട്ടവരെക്കൊണ്ട് സത്യം ചെയ്യിപ്പിച്ച നെല്‍സണ്‍ എന്ന അത്ഭുതബാലന്‍ വിശുദ്ധപദവിയിലേക്ക് ഉടന്‍ ഉയര്‍ത്തപ്പെടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് വിശ്വാസീസമൂഹം.

സഹനത്തെ പരാതികളില്ലാതെ സ്വീകരിച്ച കുഞ്ഞുനെല്‍സണെ ധന്യരുടെ നിരയിലേക്ക് ഉയര്‍ത്തണമെന്ന വത്തിക്കാന്‍ തിരുസംഘത്തിന്റെ ഡിക്രിയില്‍ ഏപ്രില്‍ ആദ്യവാരമാണ് പാപ്പ ഒപ്പുവെച്ചത്. കാന്‍സര്‍ രോഗത്തിന്റെ വേദനകളില്‍ ഒട്ടും തളരാതെ തന്റെ സഹനങ്ങളെല്ലാം ഈശോയ്ക്ക് സമര്‍പ്പിച്ചു എന്നതാണ് നെല്‍സണെ വ്യത്യസ്തനാക്കുന്നതെന്ന് പറഞ്ഞ പാപ്പ, ആ ധീരതയെ മഹത്വപ്പെടുത്തുകയും ചെയ്തു.

ബ്രസീലില്‍ നിന്നുള്ള നെല്‍സണ്‍ സന്താനയുടെ ജീവിതവും മരണവും അനേകരെ ക്രിസ്തീയ സഹനത്തിന്റെ അര്‍ത്ഥം മനസിലാക്കികൊടുക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്. 1963ല്‍ എട്ടാം വയസിലാണ് അവന്‍ കാന്‍സര്‍ ബാധിതനാണെന്ന് അറിയുന്നത്. താന്‍ അനുഭവിക്കുന്ന വേദനെയെപ്രതി ദൈവത്തോട് ഒരിക്കലും പരാതി പറയരുതെന്ന് അമ്മയെകൊണ്ട് ശപഥം ചെയ്യിപ്പിക്കുകയായിരുന്നു നെല്‍സണ്‍ ആദ്യം ചെയ്തത്. നെല്‍സണും ഒരിക്കല്‍ പോലും ദൈവത്തെ കുറ്റപ്പെടുത്തിയതുമില്ല.

ക്രിസ്തുവിന്റെ സഹനങ്ങളെ അതേ അര്‍ത്ഥത്തില്‍ മനസിലാക്കിയ ഈ എട്ടു വയസുകാരന്റെ ധീരത അവനെ ശുശ്രൂഷിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അതിശയിപ്പിക്കുന്നതായിരുന്നു. ആശുപത്രിക്കിടക്കയില്‍ വെച്ചാണ് അവന്‍ ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചത്. തന്റെ രോഗം ഒരിക്കലും ഭേദപ്പെടില്ലെന്ന് അറിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ അവന്‍ ദൈവത്തെ കൂടുതല്‍ സ്‌നേഹിക്കുകയായിരുന്നു.

അങ്ങനെ തന്റെ സഹനങ്ങളെ സ്‌നേഹിച്ചുകൊണ്ട് ഒമ്പതാം വയസില്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ അവന്‍ സഹനത്തിലൂടെ ഈശോയെ ഏറ്റവുമധികം സ്‌നേഹിച്ച, മനസിലാക്കിയ ഒരാളായി മാറുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: