ലോകത്തിലെ മലയാളി നേഴ്സുമാരുടെ കൂട്ടായ്മയെ തകര്‍ക്കാനുള്ള ശ്രമമാണ് യു.എന്‍.എ-ക്ക് എതിരെയുള്ള ആരോപണങ്ങള്‍ എന്ന് യുണൈറ്റഡ് നേഴ്‌സിങ് അസോസിയേഷന്‍

തൃശൂര്‍: ലോകത്തില്‍ എല്ലായിടത്തുമുള്ള മലയാളി നഴ്സുമാരുടെ കൂട്ടായ്മയെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് തൃശൂരില്‍ നടന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സംഘടനയുടെ ശക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതില്‍ സ്വകാര്യ മേഖലയിലെ വന്‍കിട മുതലാളിമാരും ചില കടലാസുസംഘടനകളും അസംതൃപ്തരാണ്. ഉല്‍ഭവകാലം മുതലേ നിരന്തരമായ വേട്ടയാടലുകളെയാണ് യുഎന്‍എയ്ക്ക് തരണം ചെയ്യേണ്ടിവന്നത്. കേരള നഴ്സിങ് കൗണ്‍സില്‍ ഉള്‍പ്പെടെ അധികാര സ്ഥാനങ്ങളിലേക്ക് ജനകീയമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശത്രുക്കളുടെ എണ്ണം കൂടി. ഇവരുടെ ഗൂഢാലോചനയില്‍ നിന്നാണ് ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം ഉടലെടുത്തത് എന്നും അസോസിയേഷന്‍ വിലയിരുത്തി.

ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ അംഗത്വം, പ്രതിമാസ ലെവി, സംഭാവന എന്നിവ സ്വീകരിക്കുന്നതും ചെലവഴിക്കുന്നതും തികച്ചും ആഭ്യന്തര വിഷയമാണ്. ഇക്കാര്യത്തില്‍ ഉള്ള സംശയങ്ങളും അഭിപ്രായങ്ങളും സംഘടന അതത് സമയങ്ങളില്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ വിശദമായി തന്നെ ചര്‍ച്ച ചെയ്യുകയും വ്യക്തതവരുത്തി അംഗീകാരം നല്‍കുകയും ചെയ്തുപോരുന്നുണ്ട്. ഇവിടെയെല്ലാം കൂട്ടായ തീരുമാനമെടുക്കുന്നതില്‍ പങ്കാളികളായവരാണ് പിന്നീട് എതിരാളികളുടെ പണം പറ്റി അവരെയും ചതിക്കാന്‍ നോക്കിയിട്ടുള്ളത് എന്നതാണ് അസോസിയേഷന്‍ അഭിപ്രായം. സംഘടനയില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കാനും അഖിലേന്ത്യാ അധ്യക്ഷനെയും മറ്റുഭാരവാഹികളെയും അപഹാസ്യരാക്കുവാനും ഇവരെ ഉപയോഗിച്ചവര്‍ക്ക് പിന്നീട് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചു.

ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തെ സധൈര്യം നേരിടാനാണ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനം. 2017 മുതല്‍ സംഘടനയില്‍ അവതരിപ്പിച്ച ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകാരം നല്‍കിയിരുന്ന വരവ് ചെലവ് കണക്കുകള്‍ പ്രത്യേകസാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റി യോഗം വീണ്ടും പരിശോധനയ്ക്കെടുത്തു. ബന്ധപ്പെട്ട രേഖകളും സംസ്ഥാന കമ്മിറ്റി പരിശോധിച്ചു. പാകപ്പിഴവുകളില്ലെന്നും ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും യോഗം ഐക്യഖണ്ഠേന തീരുമാനമെടുത്തു.

Share this news

Leave a Reply

%d bloggers like this: