ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജന്‍സ് ആസ്ഥാനം ജര്‍മനിയില്‍ തുറന്നു

ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജന്‍സ് ആസ്ഥാന മന്ദിരം ജര്‍മനിയിലെ ബര്‍ലിനില്‍ ഒരുങ്ങിയിരിക്കുകയാണ്. ഏതാണ്ട് 1 ബില്യണ്‍ യൂറോ ചെലവിട്ടാണ് ഈ കെട്ടിടത്തിന്റെയും സംവിധാനങ്ങളുടെയും നിര്‍മാണം. 12 വര്‍ഷത്തോളമെടുത്തു നിര്‍മാണം പൂര്‍ത്തിയാകാന്‍. ബിഎന്‍ഡി അഥവാ ഫെഡറല്‍ ഇന്റലിജന്‍സ് സര്‍വ്വീസ് കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു.

36 ഫൂട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പത്തില്‍ വിശാലമാണ് ഈ സ്ഥാപനം. 135,000 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റും 20,000 ടണ്‍ സ്റ്റീലും നിര്‍മാണത്തിനുപയോഗിച്ചു. 14,000 ജനാലകളുണ്ട് കെട്ടിടങ്ങള്‍ക്കാകെ. 12,000 ഡോറുകളുമുണ്ട്. അതിശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം ജീവനക്കാര്‍ക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നിരവധി നിര്‍ദ്ദേശങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൊബൈല്‍ ഫോണുകള്‍ക്ക് ഇതിനകത്തേക്ക് പ്രവേശനമില്ല. സ്വന്തമായുള്ള ലാപ്‌ടോപ്പും കൊണ്ടുവരാനാകില്ല. സ്വകാര്യ ഇമെയിലുകള്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ തുടങ്ങിയവയൊന്നും തുറക്കാന്‍ പാടില്ല. ജോലി കഴിഞ്ഞ് തിരികെ പോകുമ്പോള്‍ ആക്‌സസ് കാര്‍ഡുകള്‍ പ്രത്യേകമായി സൂക്ഷിക്കാന്‍ സംവിധാനമുണ്ട്.

ജര്‍മനിക്ക് ഏറ്റവും കാര്യക്ഷമമായ ഒരു വിദേശ ഇന്റലിജന്‍സ് സംവിധാനം ആവശ്യമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മെര്‍ക്കല്‍ പുതിയ കേന്ദ്രം സന്ദര്‍ശിക്കവെയാണ് ഇത് പറഞ്ഞത്. പുതിയ ലോകം ആശയക്കുഴപ്പങ്ങളുടേതാണെന്നതാണ് ഈ കേന്ദ്രം നിര്‍മിച്ചതിന് മെര്‍ക്കല്‍ നല്‍കുന്ന ന്യായീകരണം.

നാലായിരത്തോളം ഉദ്യോഗസ്ഥരാണ് ഈ കേന്ദ്രത്തിലുള്ളത്. ഇതില്‍ 3200 പേര്‍ ഇതിനകം ജോയിന്‍ ചെയ്തു കഴിഞ്ഞു. പഴയ ഓഫീസ് മ്യൂനിച്ചിലാണ് സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ളവര്‍ അവിടെ നിന്ന് വരാനിക്കുകയാണ്. ജര്‍മനിയുടെ ഇന്റലിജന്‍സ് സംവിധാനത്തില്‍ ആകെ 6500 പേരാണുള്ളത്. ഇവര്‍ ജര്‍മനിയിലും വിദേശങ്ങളിലുമായി ജോലിയെടുക്കുന്നു.

Share this news

Leave a Reply

%d bloggers like this: