ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ വികസിപ്പിച്ച് ഗവേഷകര്‍

ലോകത്തിലെ ‘ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍’ കണ്ടുപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ മിഷിഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. കമ്പ്യൂട്ടറിന്റെ ഒരു വശത്തിന് ഏകദേശം 0.3 മില്ലീമീറ്റര്‍ നീളമേയുള്ളൂ. അതായത് ഒരു അരിമണിയേലും ചെറുത്. 2018ലെ വി.എല്‍.എസ്.ഐ ടെക്‌നോളജി ആന്റ് സര്‍ക്യൂട്ട്‌സ് സിംപോസിയത്തിലാണ് ഈ പഠനം അവതരിപ്പിച്ചത്. ഈ പുതിയ മൈക്രോ കംപ്യൂട്ടിംഗ് ഡിവൈസായ മിഷിഗണ്‍ മൈക്രോ മോട്ടില്‍, റാമിനും ഫോട്ടോവോള്‍ട്ടൈക്‌സിനും പുറമെ പ്രോസസ്സറുകളും, വയര്‍ലെസ് ട്രാന്‍സ്മിറ്ററുകളും റിസീവറുകളും ഉണ്ട്.

എന്നാല്‍ ഇവയെ കമ്പ്യൂട്ടറുകള്‍ എന്ന് വിളിക്കണോ വേണ്ടയോ എന്ന് ഞങ്ങള്‍ക്കറിയില്ലെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഒരു കമ്പ്യൂട്ടറിന് ആവശ്യമായ ഏറ്റവും ചുരുങ്ങിയ പ്രവര്‍ത്തനക്ഷമത അവക്ക് ഉണ്ടോ എന്നത് ഓരോരുത്തരുടെയും അഭിപ്രായമനുസരിച്ച് വ്യത്യസ്തമാകാമെന്ന് ഇലക്ട്രിക്കല്‍ ആന്റ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംങില്‍ പ്രൊഫസറായ ഡേവിഡ് ബ്ലാവ് പറയുന്നു.

എന്നാല്‍ വളരെ ഫ്‌ലക്‌സിബിളായ ഈ സിസ്റ്റം വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താന്‍ സാധിക്കുന്നതുമാണ്. അര്‍ബുദ ശാസ്ത്ര രംഗത്തെ ചികിത്സക്ക് ഈ പുതിയ സംവിധാനം കൂടുതല്‍ സഹായകമാകുമെന്നാണ് കണ്ടെത്തല്‍.

‘ഇതിന്റെ താപനില സെന്‍സര്‍ ചെറുതും ജൈവപരവും ആയതിനാല്‍, അത് ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നിടത്ത് സ്ഥാപിക്കാന്‍ കഴിയും. ട്യൂമര്‍ വളരുന്ന ഒരു കോശത്തിലെയും സാധാരണ കോശത്തിലെയും താപനിലയിലുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നതിന് ഇത് സഹായിക്കും. ചികിത്സയുടെ വിജയവും പരാജയവും ഇതിലൂടെ നിര്‍ണ്ണയിക്കാം.” റേഡിയോളജി, ബയോമെഡിക്കല്‍ എഞ്ചിനീയറിംങ് വിഭാഗത്തിലെ പ്രൊഫസര്‍ ഗാരി ലുകര്‍ പറയുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: