ലോകത്തിന്റെ ഏത് മൂലയും തകര്‍ക്കാന്‍ പറ്റുന്ന ബാലസ്റ്റിക് മിസൈലുമായി ചൈന

 

ലോകത്തെവിടെയും ആക്രമണം നടത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ചൈനീസ് സൈന്യത്തിന്റെ ഭാഗാമാകാന്‍ പോകുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഒന്നിലധികം ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്നവയാകും പുതിയ മിസൈലുകളെന്നാണ് വിവരം. ശത്രുരാജ്യങ്ങളുടെ പ്രതിരോധസംവിധാനങ്ങളെ കബളിപ്പിച്ച് പ്രഹരിക്കാന്‍ കഴിയുന്ന മിസൈല്‍ അടുത്തവര്‍ഷം ചൈനീസ് സൈന്യത്തിന്റെ ഭാഗമായി മാറുമെന്ന് ആരാജ്യത്തെ മാധ്യമങ്ങള്‍ അവകാശപ്പെടുന്നു.

ഡോങ്ഫെങ് 41 എന്ന മിസൈലിന് ഏകദേശം 12,000 കിലോമീറ്ററിലധികം പ്രഹരപരിധിയുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ എട്ട് തവണ മിസൈലിന്റെ പരീക്ഷണം നടത്തിയതായും 2018 പകുതിയോടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഭാഗമാകുമെന്നും ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നുഘട്ടങ്ങളുള്ള ഖര- ദ്രാവക ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതാണ് മിസൈലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വിക്ഷേപിക്കുന്ന സ്ഥലത്തുനിന്ന് ലോകത്തിന്റെ ഏത് കോണിലേക്കും ആക്രമണം നടത്താന്‍ ഇതിന് സാധിക്കുമെന്നും 10 ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഡോങ്ഫെങ് 41 മിസൈലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 10 ആണവ പോര്‍മുനകള്‍ ഓരോന്നായി തൊടുക്കാന്‍ കഴിയുന്നതാണ് ഈ മിസൈലെന്ന് ചൈനീസ് ആയുധ നിയന്ത്രണ, നിരായുധീകരണ അസോസിയേഷന്‍ ഉപദേഷ്ടാവ് ഷു ഗ്വാന്‍ഗ്യു പറയുന്നു.

കഴിഞ്ഞ നവംബറില്‍ മിലസൈലിന്റെ പരീക്ഷണം നടന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്ഥലത്തേക്കുറിച്ചോ, പരീക്ഷണ തീയതികളെക്കുറിച്ചോ വിവരങ്ങള്‍ അന്ന് പുറത്തുവിട്ടിരുന്നില്ല. സാറ്റലൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2016 ഏപ്രിലില്‍ ചൈന മിസൈല്‍ പരീക്ഷണം നടത്തിയത് അമേരിക്ക കണ്ടെത്തിയിരുന്നു. ചൈനയുടെ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന ആയുധമായാണ് ഡോങ്ഫെങ് 41 മിസൈലിനെ കണക്കാക്കുന്നത്. അമേരിക്കയേയും യൂറോപ്യന്‍ രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് ചൈനീസ് മിസൈലെന്നാണ് റഷ്യന്‍ വിദഗ്ദര്‍ കരുതുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: