ലോകം മൂന്നാം ലോക മഹായുദ്ധത്തിലേക്കോ ?? വന്‍ ശക്തികള്‍ നേര്‍ക്കുനേര്‍; അയര്‍ലണ്ട് പ്രധാന ടാര്‍ഗറ്റ് ആകും

ഏതു നിമിഷവും മാനവരാശി, ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് എടുത്തെറിയപ്പെട്ടാക്കാം എന്ന ഭീതിയില്‍ അന്താരാഷ്ട്ര നിരീക്ഷകര്‍. റഷ്യയും അമേരിക്കയും ചൈനയുമൊക്കെ ഉള്‍പ്പെടുന്ന ലോക ശക്തികള്‍ നയതന്ത്ര യുദ്ധങ്ങളില്‍ പൊതിഞ്ഞു വെച്ചിരുന്ന പരസ്പര സ്പര്‍ദ്ധ സിറിയന്‍ ആക്രമണത്തിന്റെ സാഹചര്യത്തില്‍ മറനീക്കി പുറത്ത് വരാന്‍ തുടങ്ങിയതോടെയാണ് യുദ്ധത്തിന് കളമൊരുങ്ങുന്നത്. സിറിയയ്ക്കുനേരെ യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സേനകള്‍ നടത്തിയ സംയുക്ത മിസൈലാക്രമണത്തിനു പിന്നാലെ, യുദ്ധഭീതി ഉയര്‍ത്തി ലോകരാജ്യങ്ങള്‍ ചേരിതിരിയുന്നു.

സിറിയയിലെ സൈനിക നടപടിയെക്കുറിച്ച് അമേരിക്കയും റഷ്യയും തമ്മില്‍ നടക്കുന്ന വാക്പോരാണ് ലോക ശക്തികള്‍ തമ്മിലുള്ള വൈരാഗ്യം വെളിപ്പെടുത്തുന്ന ആദ്യ സൂചന. റഷ്യന്‍ പ്രസിഡന്റ് അമേരിക്കയ്ക്കതിരെ തിരിയുമ്പോള്‍, ഈ പ്രദേശങ്ങളില്‍ തങ്ങളുടെ സ്വാധീനം നിലനിര്‍ത്താനുള്ള റഷ്യയെ ചെറുക്കാനാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ശക്തികള്‍ ശ്രമിക്കുന്നത്. അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാടുകളും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.

സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് റഷ്യ വ്യക്തമാക്കിയതോടെയാണിത്. സിറിയയിലെ നിലവില പ്രതിസന്ധി ഉണ്ടാക്കാനിടയുള്ള ഒരു മൂന്നാം ലോക യുദ്ധത്തിന് തയ്യാറായിരിക്കാനാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യുദ്ധവിമാനങ്ങളും ഹെലികോപ്ട്ടറുകളും മിസൈലുകളും പീരങ്കികളില്‍ നിന്നു വരുന്ന വെടിയുണ്ടകളും കൊണ്ട് ശ്വാസം മുട്ടുന്ന സിറിയയുടെ ആകാശമാണ് ഒരു മൂന്നാം ലോക യുദ്ധത്തിലേക്ക് നയിക്കാന്‍ പ്രകോപനം ആകാന്‍ പോകുന്നത്. ഏതെങ്കിലും ഒരു ബോംബോ വിമാനമോ വന്‍ ശക്തികളുടെ വിമാനങ്ങളെ അബദ്ധത്തില്‍ വീഴ്ത്തിയാല്‍ പോലും അത് അന്താരാഷ്ട്ര തലത്തില്‍ വന്‍ വിനാശത്തിന് കാരണമാവും.

ആക്രമണത്തെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ ഇരുചേരിയിലുമായി നിലയുറപ്പിച്ചതിനു പിന്നാലെ യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. റഷ്യയുടെ പ്രത്യേക ആവശ്യപ്രകാരമാണിത്. യുഎസിന്റെയും സഖ്യരാഷ്ട്രങ്ങളുടെയും നടപടി സിറിയയുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന റഷ്യന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ റഷ്യന്‍ പ്രതിനിധി യോഗത്തില്‍ ആവര്‍ത്തിച്ചു. സിറിയ രാസായുധം ഉപയോഗിച്ചതിനു തെളിവില്ലെന്നും റഷ്യ ചൂണ്ടിക്കാട്ടി.

അതിനിടെ, സിറിയയിലെ ബോംബാക്രമണത്തില്‍ യുഎസുമായി സഹകരിച്ച ഫ്രാന്‍സിനും ബ്രിട്ടനും നന്ദി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റും പുറത്തുവന്നു. പദ്ധതി വിജയിച്ചെന്നും ഇതിലും മെച്ചപ്പെട്ട ഫലം ലഭിക്കാനില്ലെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സൈന്യത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ അഭിമാനിക്കുന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

സിവിലിയന്‍മാര്‍ക്കു നേരെ രാസായുധ ആക്രമണം നടത്തുന്നത് സിറിയ തുടര്‍ന്നാല്‍ വീണ്ടും ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് യുഎന്നില്‍ നിക്കി ഹാലെ വെളിപ്പെടുത്തി. സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് അമേരിക്കന്‍ അംബാസഡര്‍ നിക്കിഹാലെ ഇക്കാര്യം വ്യക്തമാക്കിയത്. വിഷവാതകം പ്രയോഗിക്കുന്നത് സിറിയ തുടരുകയാണെങ്കില്‍, തിരനിറച്ച് കാത്തിരിക്കുന്ന തോക്കാണ് അമേരിക്ക- അവര്‍ പറഞ്ഞു. ഞങ്ങളുടെ പ്രസിഡന്റ് ഒരു ലക്ഷ്മണ രേഖ വരച്ചാല്‍ അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും നിക്കിഹാലെ മുന്നറിയിപ്പ് നല്‍കി.

സിറിയയ്ക്കെതിരേ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന നടത്തിയ ആക്രമണങ്ങള്‍ പ്രതികാരമോ ശിക്ഷയോ അല്ല. ഇനിയും രാസായുധ പ്രയോഗം ഉണ്ടാവുന്നത് തടയുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം. ഇതില്‍ നിന്ന് പാഠം പഠിക്കാന്‍ സിറിയ തയ്യാറാവണം. അതേസമയം രാസായുധ പ്രയോഗത്തെ ഉപയോഗിക്കുന്നതിന് പകരം റഷ്യ സിറിയന്‍ ഭരണകൂടത്തിന്റെ ചെയ്തികളെ പിന്തുണയ്ക്കുന്നത് ഖേദകരമാണെന്നും നിക്കി ഹാലെ പറഞ്ഞു. സിറിയയ്ക്കെതിരേ നയതന്ത്ര നടപടികളിലൂടെ മുന്നോട്ടുപോവാനായിരുന്നു അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ശ്രമം. എന്നാല്‍ സിറിയക്കെതിരായ രക്ഷാ സമിതി പ്രമേയങ്ങളോരോന്നും വീറ്റോ ചെയ്യുന്ന നിലപാടാണ് റഷ്യ സ്വീകരിച്ചത്. റഷ്യന്‍ പിന്തുണയെക്കുറിച്ചുള്ള ആത്മധൈര്യമാണ് സിറിയന്‍ പ്രസിഡന്റിനെ എന്തു കടുംകൈയും ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും യു.എസ് അംബാസഡര്‍ കുറ്റപ്പെടുത്തി.

അതേസമയം, ഫ്രാന്‍സിനു പുറമെ മറ്റു ചില നാറ്റോ സഖ്യരാജ്യങ്ങളും അമേരിക്കയ്ക്ക് പിന്തുണയുമായെത്തി. ഉചിതമായ സമയത്താണ് ആക്രമണം നടത്തിയതെന്ന് ജര്‍മനി പ്രതികരിച്ചു. തുര്‍ക്കിയും അമേരിക്കന്‍ ആക്രമണത്തെ അനുകൂലിച്ചു. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വിശദീകരണം. ആക്രമണ വാര്‍ത്ത സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, രാസായുധ സംഭരണ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് മുന്നറിയിപ്പു നല്‍കി. ഇത് വെറും വാക്കല്ലെന്നു തെളിയിക്കുന്നതാണ് ഇപ്പോള്‍ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍.

വ്യോമാക്രമണമത്തിന് പിന്നാലെ പുതിയ ആക്രമണ സാധ്യത നല്‍കി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയല്‍ കടലില്‍ നങ്കൂരമിട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മധ്യപൂര്‍വേഷ്യയില്‍ ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്. സിറിയക്ക് നേരെ ഏല്ലാത്തരം സൈനിക നടപടികളും മുന്നിലുണ്ടെന്ന് പറയുന്ന അമേരിക്ക അന്തിമ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്നാണ് സഖ്യരാഷ്ട്രങ്ങളുടെ പിന്തുണയോടെയുള്ള വ്യോമാക്രമണം.

മിസൈല്‍ തൊടുക്കാനാവുന്നതും, മിസൈല്‍വേധ ശേഷിയുള്ളതുമായ ഡോണള്‍ഡ് കുക്ക് വിഭാഗത്തിലെ രണ്ട് കപ്പലുകളാണ് മെഡിറ്ററേനിയല്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്നത്. കൂടുതല്‍ പടക്കപ്പലുകളും അന്തര്‍വാഹിനികളും മേഖലയിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.

വിമത കേന്ദ്രമായ കിഴക്കന്‍ ഘൗട്ടയില്‍ കഴിഞ്ഞ ദിവസം നടന്ന രാസായുധ ആക്രമണത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. വിമതര്‍ക്ക് നേരെ നേരത്തെയും രാസായുധ പ്രയോഗം നടത്തയതായും വാര്‍ത്തയുണ്ടായിരുന്നു.

അതേസമയം റഷ്യയെ വെല്ലുവിളിച്ച് ആക്രമണം നടത്തിയ അമേരിക്കന്‍ നടപടിക്ക് റഷ്യ എത്തരത്തില്‍ തിരിച്ചടിക്കുമെന്നാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ ഉറ്റു നോക്കുന്നത്. മധ്യപൂര്‍വേഷ്യയില്‍ യുദ്ധ കാഹളം മുഴങ്ങിയതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും കനത്ത ജാഗ്രതയിലാണ്.

ന്യൂയോര്‍ക്കില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് ഇങ്ങനെ മുന്നറിയിപ്പ് നല്‍കി – ശീതയുദ്ധം തിരിച്ചുവന്നിരിക്കുന്നു – പകയോടെ, വൈരനിര്യാതന ബുദ്ധിയോടെ, തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍. നിര്‍ഭാഗ്യവശാല്‍ ഈ യുദ്ധം ഒട്ടും ശീതികരിക്കപ്പെട്ടതല്ല. ഇത് ചുട്ടുപൊള്ളുന്നതാണ്. സംഘര്‍ഷങ്ങളും വെറുപ്പും നിറഞ്ഞ പശ്ചിമേഷ്യന്‍ ഭൂപ്രദേശത്ത് അത് തിളച്ച് മറിയുന്നു. സിറിയയിലെ റഷ്യന്‍, ഇറാന്‍ സൈന്യങ്ങള്‍ക്ക് ഒരു ഗ്രനേഡ് എറിയാവുന്ന വിധം അടുത്താണ് അമേരിക്കന്‍ സൈന്യമുള്ളത്.

ഇത്തരത്തിലൊരു ഭീകരമായ സാഹചര്യത്തില്‍ ലോകം ഇതിന് മുമ്പ് എത്തിയത് ഒന്നാം ലോകയുദ്ധം തുടങ്ങുന്ന സമയവുമായാണ് പലരും താരതമ്യം ചെയ്യുന്നത്. ഓസ്ട്രിയന്‍ ആര്‍ച്ച് ഡ്യൂക്ക് ഫ്രാന്‍സ് ഫെര്‍ഡിനാന്റ് വധിക്കപ്പെട്ട 1914 ജൂണ്‍ 28 എന്ന ദിവസം 20ാം നൂറ്റാണ്ടിലെ നിര്‍ണായക വഴിത്തിരിവായിരുന്നു. ഓസ്ട്രോ-ഹംഗേറിയന്‍ കിരീടാവകാശിയായ ഫ്രാന്‍സ് ഫെര്‍ഡിനാന്റിനേയും ഭാര്യ സോഫിയേയും തീവ്രവാദി ഗവ്റിലോ പ്രിന്‍സിപ് വെടി വച്ച് കൊല്ലുകയായിരുന്നു. ഓസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്വത്തിന് കീഴില്‍ നിന്നുള്ള സെര്‍ബിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ബ്ലാക് ഹാന്‍ഡ് ഗാംഗ് എന്ന തീവ്രവാദ ഗ്രൂപ്പില്‍ അംഗമായിരുന്നു ഗവ്റിലോ പ്രിന്‍സിപ്.

ആര്‍ച്ച് ഡ്യൂക്കിന്റെ കൊലപാതകം സെര്‍ബിയയ്ക്കെതിരെ പഴയ ചില കണക്കുകള്‍ തീര്‍ക്കാനും അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഓസ്ട്രിയ – ഹംഗറിക്ക് അവസരമൊരുക്കി. പ്രധാന യൂറോപ്യന്‍ ശക്തികളായ രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിലേയ്ക്കും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേയ്ക്കും ഇത് നയിച്ചു. ഇത് ഒന്നാം ലോകയുദ്ധത്തിന് തുടക്കം കുറിച്ചു. ഇതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. മധ്യപൂര്‍വേഷ്യയില്‍ യുദ്ധ കാഹളം മുഴങ്ങിയതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും കനത്ത ജാഗ്രതയിലാണ്. ലോകം ശ്വാസമടക്കി കാതോര്‍ക്കുന്നത് ഒരു ദുരന്തം ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആര് നേതൃത്വം നല്‍കുമെന്ന് അറിയാനാണ്. അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: