ലോകം മുന്നോട്ട് പോയി; നോട്ട് നിരോധനവും ജി എസ് ടിയും ഇന്ത്യയെ വലിച്ചു താഴെയിട്ടു -രഘുറാം രാജന്‍

നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുവലിച്ചതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യയുടെ നിലവിലെ ഏഴു ശതമാനം വളര്‍ച്ച രാജ്യത്തിന്റെ ആവശ്യത്തിന് പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ് ഘടനയെ ഗുരുതരമായി ബാധിച്ചു. 2012 – 2016 വരെയുള്ള നാലു വര്‍ഷം രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയായിരുന്നു. അപ്പോഴാണ് കനത്ത ആഘാതമേല്‍പ്പിച്ച് നോട്ട് നിരോധനവും ജി.എസ്.ടിയും പ്രാബല്യത്തില്‍ വരുത്തിയത്. അടുത്തടുത്തുണ്ടായ രണ്ടു ആഘാതങ്ങള്‍ വലിയ പ്രതിസന്ധിയുണ്ടാക്കി’ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഒരു പരിപാടിക്കിടെ അദ്ദേഹം വ്യക്തമാക്കി.

പുതിയ തൊഴിലവസരങ്ങള്‍ തേടി ധാരാളം പേര്‍ വരുന്ന സാഹചര്യത്തില്‍ നമുക്ക് ഏഴു ശതമാനം വളര്‍ച്ചനിരക്ക് പര്യാപ്തമാവില്ല എന്ന യാഥാര്‍ഥ്യമുണ്ട്. കൂടുതല്‍ ധനശേഷി വേണമെന്ന് മാത്രമല്ല, ഈ നിലയില്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയില്ല, അദ്ദേഹം പറഞ്ഞു. മോദി ഗവണ്‍മെന്റ് നടപ്പാക്കിയ നോട്ടു നിരോധനത്തെ തുടക്കം മുതല്‍ എതിര്‍ക്കുന്ന ആളാണ് രഘുറാം രാജന്‍.

ആഗോളതലത്തില്‍ സമ്പദ് ഘടന സ്ഥിരത കൈവരിച്ച 2017 ല്‍ ഇന്ത്യയുടെ കുതിപ്പ് താഴേക്കായിരുന്നുവെന്നും, ഇതിന് കാരണമായത് നോട്ട് നിരോധനവും ജി.എസ്.ടിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇതിന്റെ ആഘാതത്തില്‍ നിന്ന് രാജ്യം വളര്‍ച്ചയുടെ സൂചനകള്‍ നല്‍കിയപ്പോഴാണ് എണ്ണ വില ഉയരാന്‍ തുടങ്ങിയത്. ഇത് വീണ്ടും തിരിച്ചടിയായി. എണ്ണ വില ഉയര്‍ന്നാല്‍ അത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. ബാങ്കുകളുടെ അവസ്ഥയും മോശമാണ്. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശക്തമായ നടപടികള്‍ തന്നെ വേണം. ബാങ്കുകള്‍ സംശുദ്ധീകരിക്കണം’ രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: