ലോകം കൊടുചൂടിലേക്കാണു നീങ്ങുന്നു : 2019 മുതല്‍ 2023 വരെ കാഠിന്യമേറുമെന്ന് ഡബ്ല്യുഎംഒ

വരാനിരിക്കുന്ന അഞ്ചു വര്‍ഷം ലോകം കൊടുചൂടിലേക്കാണു നീങ്ങുന്നതെന്ന് വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. 2019 മുതല്‍ 2023 വരെയുള്ള കാലയളവിലായിരിക്കും ചൂടിന്റെ കാഠിന്യം കൂടുക. കാഠിന്യമേറിയ ചൂട് അനുഭവപ്പെട്ട വര്‍ഷങ്ങളില്‍ 2018നു നാലാം സ്ഥാനമാണെന്നും ലോകത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട 20 വര്‍ഷങ്ങളും ഇക്കഴിഞ്ഞ 22 വര്‍ഷത്തിനിടെയാണുണ്ടായതെന്നും ഡബ്ല്യുഎംഒയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തു കഴിഞ്ഞ വര്‍ഷമുണ്ടായ കാലാവസ്ഥാ ദുരന്തങ്ങളുടെ പട്ടികയില്‍ കേരളത്തിലെ വെള്ളപ്പൊക്കത്തെ ഉള്‍പ്പെടുത്തി 2018 നവംബറില്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയതിനു ശേഷമുള്ള ഡബ്ല്യുഎംഒയുടെ പ്രധാന പഠനങ്ങളിലൊന്നായിരുന്നു ഇത്. കാലിഫോര്‍ണിയ, ഗ്രീസ് എന്നിവിടങ്ങളിലെ കാട്ടുതീ, ദക്ഷിണാഫ്രിക്കയിലെ വരള്‍ച്ച തുടങ്ങിയവയും അന്നു പട്ടികയില്‍പ്പെട്ടിരുന്നു. അപ്രതീക്ഷിതവും അസ്വാഭാവികവും പ്രവചനാതീതവും കാലംതെറ്റിയുമുള്ള കാലാവസ്ഥാ പ്രശ്നങ്ങളുടെ പട്ടികയാണ് തയാറാക്കിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചുണ്ടായ ദുരന്തസമാനമായ കാലാവസ്ഥാ പ്രശ്നങ്ങളും പട്ടികയില്‍ ഇടംപിടിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.

പല രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെയും ആവാസവ്യവസ്ഥയെയും വരെ തകിടം മറിക്കുന്ന വിധമായിരുന്നു 2018ലെ കാലാവസ്ഥാ ദുരന്തങ്ങള്‍. ലക്ഷക്കണക്കിനു പേരെയാണ് ഇതു ബാധിച്ചത്. ലോകത്തു ചൂടേറുന്നത് അപ്രതീക്ഷിതമായുണ്ടായ കാര്യമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭൂമിക്കു ഭീഷണിയാകും വിധം താപനിലയില്‍ വന്‍വര്‍ധനവാണ് വരുംവര്‍ഷങ്ങളിലുണ്ടാവുക. ഇക്കാര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ഭരണതലത്തില്‍ തന്നെ നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥയുടെ കാര്യത്തില്‍ മികച്ച പദ്ധതികള്‍ അടിയന്തരമായി നടപ്പാക്കേണ്ട സമയമായെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും റിപ്പോര്‍ട്ടിന്മേലുള്ള പ്രതികരണമായി ട്വീറ്റ് ചെയ്തു.

യുഎസ്, ബ്രിട്ടിഷ്, യൂറോപ്യന്‍, ജാപ്പനീസ് കാലാവസ്ഥാ ഏജന്‍സികളില്‍ നിന്നുള്ള വിവരം ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആഗോളതാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് രൂപം കൊടുത്ത പാരിസ് ഉടമ്പടിയും ഫലപ്രദമായില്ലെന്നാണു വിലയിരുത്തല്‍.

Share this news

Leave a Reply

%d bloggers like this: