ലോകം ഭീകരതയുടെ ഇരുട്ടില്‍ പ്രകാശിക്കട്ടെ നന്മയുടെയും പ്രത്യാശയുടെയും പുതിയ കിരണങ്ങള്‍

പീഡനാുഭവങ്ങളുടെ ദു:ഖ സ്മരണകള്‍ പിന്നിട്ട് പ്രത്യാശയുടെ ഉയിര്‍പ്പില്‍ ലോകം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. മരണത്തെ തോല്‍പ്പിച്ച് മൂന്നാം ദിവസം ഉയിര്‍ത്തെണീറ്റ യേശുക്രിസ്തുവിന്റെ പ്രത്യാശയുടെയും പുതിയ ജീവിതത്തിന്റെയും ഓര്‍്മ്മകളുണര്‍ത്തുന്നു. ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ലോകമെങ്ങുമുള്ള െ്രെകസ്തവര്‍ പങ്കുവെക്കുന്നത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ നാം ഭയത്തിന്റെയും നിരാശയുടെയും തടവറയിലാകരുതെന്നും പ്രത്യാശ കൈവെടിയാതെ ജീവിക്കണമെന്നുമാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലോകത്തിനു നല്‍കിയ ഈസ്റ്റര്‍ സന്ദേശം. ഭയവും ഇരുട്ടും മനസുകളെ നിയന്ത്രിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

image

ഇന്ന് ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്ന ഭയത്തിന്റെയും ഇരുട്ടാകുന്ന ദുഷ്ടശക്തികളെയും അതിജീവിച്ച് നന്മയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ ജീവിതത്തിലേക്ക് ഉയിര്‍ത്തെണീക്കാനുള്ള ആഹ്വാനമാണ് പാപ്പ നടത്തിയിരിക്കുന്നത്. ലോകം മുഴുവന്‍ നാശം വിതച്ച് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരപ്രവര്‍ത്തനങ്ങള്‍ താണ്ഡവമാടുന്ന സമയത്താണ് ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷം കടന്നുവന്നിരിക്കുന്നത്. ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. പാരീസില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുറിവുകള്‍ ഉണങ്ങി വരുമ്പോഴാണ് വീണ്ടും ദുരന്തം. ലോകത്തെ ഏതൊരു രാജ്യവും ഇന്ന് ഭീകരാക്രമണത്തിന്റെ ഭീതിയിലാണ്. ഏതുനിമിഷവും പൊട്ടിത്തെറിക്കുന്ന ചാവേറുകള്‍ സമാധാനപൂര്‍ണ്ണമായ ലോകത്തിന് ഭീഷണിയായി മാറിയിട്ട് കാലമേറെയായി. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ സര്‍വസന്നാഹങ്ങളുമായി പോരാടിയിട്ടും ഇസ്ലാമിക് സ്‌റ്റേറ്റിനെ തളയ്ക്കാനായിട്ടില്ല. അവര്‍ സ്ത്രീകളോടും കുട്ടികളോടും നടത്തുന്ന ക്രൂരതയുടെ വാര്‍ത്തകള്‍ കേട്ട് മനസു മരവിച്ചിരിക്കുന്നു

. SYRIA

കഴിഞ്ഞ ചൊവ്വാഴ്ച ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനിലും നടന്ന ഭീകരാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും മൂന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആകെ 9 പേരാണ് അറസ്റ്റിലായിട്ടുള്ളത്. പാരീസ് അക്രമണത്തിന്റെ സൂത്രധാരനെ ബ്രസല്‍സില്‍ നിന്ന് അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയായിരുന്നു ഭീകരാക്രമണം. സ്ത്രീകള്‍ക്കെതിരേ ഐഎസ് തീവ്രവാദികള്‍ നടത്തുന്ന ക്രൂരതകള്‍ ലോകത്തെ ഞെട്ടിക്കുകയാണ്. ലൈംഗിക അടിമകളാക്കുന്ന സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത് ഇവര്‍ വ്യാപകമായി ഗര്‍ഭ നിരോധന ഗുളികകള്‍ നല്‍കി പീഡനവും ക്രൂരതയും തുടരുന്നു. യസീദി സ്ത്രീകളെയാണ് ഐഎസ് കൂടുതലായും ലൈംഗിക അടിമകളാക്കുന്നത്. ഐഎസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട് നിരവധി യസീദി സ്ത്രീകള്‍ തങ്ങളനുഭവിച്ച കൊടുംക്രൂരതയുടെ കഥകള്‍ ലോകത്തോടു വിളിച്ചുപറയുന്നു. ഐഎസും അല്‍ഖ്വയ്ദയും അല്‍ ഷബാബും പോലുള്ള ഇസ്ലാമിക ഭീകര സംഘടനകള്‍ ലോകമെങ്ങും നാശം വിതയ്ക്കുന്നത് തുടരുകയാണ്. വിശുദ്ധ യുദ്ധമെന്ന പേരില്‍ ഇവര്‍ നടത്തുന്ന ക്രൂരതയുടെ കെടുതികള്‍ ഏറ്റുവാങ്ങുകയാണ് ലോകമെങ്ങുമുള്ള ക്രൈസ്തവരും മറ്റു ജനവിഭാഗങ്ങളും.3

മുന്‍ വര്‍ഷത്തേക്കാള്‍ ക്രൂരമായ ശിക്ഷാ നടപടികളാണ് ഐഎസ് സ്ത്രീകള്‍ക്കു മേല്‍ നടത്തുന്നതെന്ന് മൊസൂളില്‍ നിന്നു രക്ഷപെട്ട വീട്ടമ്മ ഫാത്തിമ പറയുന്നു. ശരീരം പൂര്‍ണ്ണമായി മറയ്ക്കാത്ത സ്ത്രീകളെ ശിക്ഷിക്കാന്‍ ബൈറ്റര്‍ എന്ന ഉപകരണമാണ് അവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതത്രേ. മാംസത്തിലേക്ക് ബൈറ്റര്‍ തുളച്ചുകയറ്റിയാണ് ഐഎസ് സ്ത്രീകളെ ശിക്ഷിക്കുന്നതെന്നും ഇവര്‍ പറയുന്നു. മൂന്നുമാസത്തോളം ഐഎസ് ലൈംഗിക അടിമയാക്കിയ ശേഷം രക്ഷപെട്ട യസീദി യുവതി നാദിയ മുറാദ് തന്റെ ആറു സഹോദരന്മാരെ തീവ്രവാദികള്‍ കൊന്നൊടുക്കിയ കഥ വേദനയോടെ പങ്കുവെക്കുന്നു. ഇറാഖില്‍ ആക്രമണത്തിനിരയാകുന്നവര്‍ക്ക് വേണ്ടി ഐക്യാദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും ഐഎസിനെതിരെ ലോകരാജ്യങ്ങള്‍ ഒരുമിച്ചു നില്‍ക്കുന്നുമാശ്യപ്പെട്ട ലണ്ടനിലെ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ഹൗസില് നടന്ന കാംപെയ്‌നിലാണ് മുറാദ് തന്റെ നീറുന്ന അനുഭവം വിവരിച്ചത്. കൊലപാതകം, ബലാത്സംഗം, ബലം പ്രയോഗിച്ച് നാടുകടത്തല്‍ തുടങ്ങിയ എല്ലാത്തരം ക്രൂരതകളും ഇസ്ലാമിന്റെയും വിശുദ്ധ യുദ്ധത്തിന്റെയും പേരില്‍ അവര്‍ തുടരുകയാണ്, മുറാദ് പറയുന്നു.

IRAQ-_Crudeltà_Esercito_islamico_

കഴിഞ്ഞ മാസം 23ന് സിറിയയില്‍ ഐഎസ് നടത്തിയ ബോബ് സ്‌ഫോടനത്തില്‍ 150 ലധികം പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ അധികവും ഏറ്റവും സാധാരണക്കാരാണുള്ളതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സാക്ഷ്യപ്പെടുത്തുന്നു. ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നതോടെ പശ്ചിമേഷ്യയില്‍ സാമാധാനം കൈവരുമെന്ന് പ്രതീക്ഷിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഭീകരപ്രവര്‍ത്തനത്തിന്റെ വേരുകള്‍ ഇന്ന് ലോകം മുഴുവന്‍ ആഴ്ന്നിറങ്ങിക്കഴിഞ്ഞുവെന്ന് ഭീതിയോടെ നാം തിരിച്ചറിയുന്നു.

ഈ മാസം അഞ്ചിന് യെമനില്‍ നടന്ന ഭീക്രരാക്രമണത്തില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രീകളടക്കം 16 പേരാണ് കൊല്ലപ്പെട്ടത്. മലയാളി വൈദികന്‍ ഫാ. ടോമിനെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഫാ. ടോമിനെ ഉടന്‍ വധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ തുറമുഖ നഗരമായ ഏദനില്‍ മദര്‍ തെരേസയുടെ നേതൃത്വത്തിലുള്ള കന്യാസ്ത്രീ സമൂഹമായ മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തിന് നേരേയാണ് ആക്രമണമുണ്ടായത്. അന്തേവാസികളെയും കന്യാസ്ത്രീകളെയും വേര്‍തിരിച്ച് നിര്‍ത്തിയശേഷം വൃദ്ധരെ കെട്ടിയിട്ട് തലയ്ക്കു വെടിവെയ്ക്കുകയായിരുന്നു. ഹൂതി വിമതരും അറബ് സഖ്യസേനയും തമ്മില്‍ യുദ്ധം തുടരുന്ന യെമനില്‍ ഐഎസും അല്‍ഖ്വയ്ദയും ശക്തിപ്രാപിച്ചുവരികയാണ്.

hijab-1

സിറിയയിലും ഇറാഖിലും തീവ്രവാദികള്‍ നടത്തുന്ന യുദ്ധം കടുത്തതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചിരിക്കുന്നു. സഹതാപത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും പേരില്‍ ജര്‍മ്മനിയടക്കമുള്ള രാജ്യങ്ങള്‍ അഭയാര്‍ഥികള്‍ക്കായി തങ്ങളുടെ അതിര്‍ത്തികള്‍ മലര്‍ക്കെ തുറന്നിട്ടത് ഇന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊന്നാകെ ഭീഷണിയായി മാറിയിരിക്കുകയാണ്. പാരീസിലെയും തുടര്‍ന്ന് ബ്രസല്‍സിലെയും ഭീകരാക്രമണങ്ങളെ തുടര്‍ന്ന് അഭയാര്‍ഥി പ്രവാഹത്തിനേതിരേ കടുത്ത വിമര്‍ശനമാണുയര്‍ന്നിരിക്കുന്നത്. മലയാളികളടക്കമുള്ള നിയമപരമായി കുടിയേറുന്നവരേപ്പോലും സംശയത്തിന്റെ നിഴലിലാക്കുന്ന സ്ഥിതിയിലേക്ക് ഇന്ന് കാര്യങ്ങളെത്തിയിരിക്കുകയാണ്. അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിനായി തുര്‍ക്കിയുമായി യൂറോപ്യന്‍ യൂണിയന്‍ കരാറിലേര്‍പ്പെട്ടത് അടുത്തിടെയാണ്. ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന അഭയാര്‍ഥികള്‍ക്കിടയില്‍ തീവ്രവാദികളും നുഴഞ്ഞുകയറുന്നതാണ് ഏവരെയും ഭീതിയിലാക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ക്ക് സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഷെന്‍ഗന്‍ കരാറും ഈ സാഹചര്യത്തില്‍ വിമര്‍ശനത്തിനു വിധേയമാക്കപ്പെടുന്നു. ഭയത്തിന്റെയും സംശയത്തിന്റെയും നിഴലിലാകുന്ന യൂറോപ്യന്‍ സമൂഹത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിതിയെയും ഇതു ധോഷകരമായി ബാധിക്കുന്നു.

yemen

ബ്രസല്‍സ് ആക്രമണത്തിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അതിര്‍ത്തികളിലെ നിയന്ത്രണവും പരിശോധനയും കര്‍ശനമാക്കിയിരിക്കുകയാണ്. 2015 തുടക്കം മുതല്‍ തന്നെ സ്വതന്ത്ര സഞ്ചാരമുറപ്പാക്കുന്ന ഷെന്‍ഗന്‍ കരാര്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. പാരീസ് ആക്രമണവും ബ്രസല്‍സ് ആക്രമണവും ഇതിന് ശക്തി കൂട്ടി. 2016 അവസാനത്തോടെ ഷെന്‍ഗന്‍ മേഖലയിലെ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രഖ്യപിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇതു ദുഷ്‌ക്കരമാകും. പടിഞ്ഞാറന്‍ യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഉടന്‍ തന്നെ പുതിയ ദേശീയ സുരക്ഷാ നിയമം നടപ്പാക്കും. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും നിന്ന് മടങ്ങി വരുന്നവര്‍ക്കു മേല്‍ കര്‍ശനമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതാകും പുതിയ നിയമം. ലിബിയയിലെയും സിറിയയിലെയും തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടികളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തയാറെടുക്കുകയാണ്. ഇറാഖി, കുര്‍ദിഷ് സൈനികര്‍ക്ക് പരിശീലനം നല്‍കാനും കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. യൂറോപ്പിലേക്ക് അഭയാര്‍ഥികളെത്തുന്നത് നിയന്ത്രിക്കുന്ന തുര്‍ക്കി-യൂറോപ്യന്‍ യൂണിയന്‍ കരാറും വലിയ പ്രധാന്യത്തോടെ നടപ്പാക്കും.

brussels-587056

ആക്രമണങ്ങള്‍ക്കു ശേഷം മുസ്ലിം, കുടിയേറ്റ വിരുദ്ധ മനോഭാവം യൂറോപ്പില്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നതും കാണാനാകും. യൂറോപ്യന്‍ ഭൂഖണ്ഡത്തിലുടനീളം മുസ്ലിം വിരുദ്ധ നിലപാടുകള്‍ ശക്തി പ്രാപിക്കുകയാണ്. ദേശീയ പാര്‍ട്ടികള്‍ കരുത്താര്‍ജ്ജിക്കുന്നു. ഫ്രാന്‍സില്‍ ഫ്രാന്‍സ് നാഷണല്‍ ഫ്രണ്ടിന് തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതും ജര്‍മ്മനിയില്‍ ആന്റ് ഇമിഗ്രേഷന്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി പാര്‍ട്ടിക്ക് പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലഭിച്ച വലിയ ജനപിന്തുണയും ശ്രദ്ധേമാണ്. മുഖ്യധാരാ പാര്‍ട്ടികള്‍ക്കും ഇതേ നിലപാട് പിന്തുടരേണ്ട അവസ്ഥയാണുണ്ടാകുന്നത്. തീവ്രവാദി ഭീഷണി ഇന്ന് യൂറോപ്പിന്റെ ദൈംനംദിന ഭയത്തിന്റെയും സംശയത്തിന്റെയും കൂടി ഭാഗമാകുകയാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും അധികം സംഭാവനകള്‍ നല്‍കുന്ന പ്രവാസി സമൂഹത്തിന്റെ ഭാവി കൂടി ഇരുട്ടിലാക്കുന്നതാണ് ഈ നയങ്ങളെല്ലാം. ഒരു വിഭാഗം ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ക്രൂരതകളുടെ ഫലമായി നിയമപരമായി കുടിയേറാന്‍ ശ്രമിക്കുന്നവരുടെ കൂടി സ്വപ്‌നങ്ങളാണ് പൊലിയുന്നത്. ഈ ഈസ്റ്റര്‍ ദിനത്തില്‍ ഇരുട്ടാകുന്ന ദുഷ്ട ശക്തികള്‍ക്ക് മേല്‍ പ്രകാശത്തിന്റെയും പ്രത്യാശയുടെയും പുതിയ ഉയിര്‍പ്പ് സംജാതമാകുമെന്ന് പ്രതീക്ഷിക്കാം. നവജീവിതത്തിന്റെ, സാഹോദര്യത്തിന്റെ, അഭയാര്‍ഥികളുടെ കാല്‍ കഴുകിയ മാര്‍പ്പാപ്പയുടെ ഉദാത്ത മാതൃക ലോകമെങ്ങും പടരട്ടെയെന്നും പ്രത്യാശിക്കാം….ഏവര്‍ക്കും റോസ്മലയാളത്തിന്റെ ഈസ്റ്റര്‍ ആശംസകള്‍…

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: