ലൈവ് സ്ട്രീമിങ്ങിലൂടെ ആക്രമണം പ്രക്ഷേപണം ചെയ്യുന്നത് വ്യാപകമാകുന്നു; ജര്‍മ്മനി സിനഗോഗ് ആക്രമണവും ലൈവ്സ്ട്രീം ചെയ്ത് അക്രമി

ജര്‍മ്മനിയിലെ ഹാലെയില്‍ വെടിവയ്പ് നടത്തിയ അക്രമി ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ട്വിച്ചിലൂടെ ആക്രമണം പ്രക്ഷേപണം ചെയ്തു. യോം കിപ്പൂര്‍ സിനഗോഗ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലൈവ് സ്ട്രീമിംഗ് ചെയ്തത്. ഏകദേശം 35 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ട്വിച്ചിലൂടെ തത്സമയം പ്രക്ഷേപണം ചെയ്തത്. ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്ഫോം സാധാരണ വീഡിയോ ഗെയിം കളിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ട്വിച് വീഡിയോ നീക്കം ചെയ്‌തെങ്കിലും പകര്‍പ്പുകള്‍ ഇതിനകം തന്നെ വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ഇന്റര്‍നെറ്റിലെ മറ്റു പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഈ വര്‍ഷം മാത്രം ആക്രമണം നടത്തി ലൈവ് സ്ട്രീം ചെയ്ത രണ്ടാമത്തെ ആക്രമണമാണിത്. മാര്‍ച്ച് മാസത്തില്‍ ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിയില്‍ നടത്തിയ ആക്രമണവും സമാനമായ രീതിയില്‍ ഫെസ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഏപ്രില്‍ മാസത്തില്‍ കാലിഫോര്‍ണിയയിലെ പവേയിലെ സിനഗോഗില്‍ ആക്രമണം നടത്തിയ തോക്കുധാരി ആക്രമണത്തിന് മുമ്പാണ് തന്റെ തീവ്രവാദ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്.

ഇത്തരത്തിലുള്ള ലൈവ്സ്ട്രീമിംഗുകള്‍ ഭീകരവാദികളെ അവരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രാപ്തരാക്കുന്നുവെന്നാണ് ആന്റി ഡിഫമേഷന്‍ ലീഗിന്റെ സെന്റര്‍ ഫോര്‍ എക്സ്ട്രീമിസം ഡയറക്ടര്‍ ഓറന്‍ സെഗല്‍ പറയുന്നത്. അതിലുപരിയായി, ഭീകരവാദികളെ പിന്തുണക്കുന്നവര്‍ക്കും പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലൈവ്സ്ട്രീമിംഗുകള്‍ ഒരു പ്രചോദനമാവുകയും ചെയ്യുന്നുവെന്നും ഓറന്‍ സെഗല്‍ പറയുന്നു.

‘അനോണ്‍’ എന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഹാലെയിലെ അക്രമിയുടെ വീഡിയോ തുടങ്ങുന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് സംസാരം. ‘ഞാനൊരു യഹൂദവിരോധിയും, സ്ത്രീസ്വാതന്ത്ര്യവിരോധിയും, ഹോളോകോസ്റ്റ് നിഷേധിയുമാണ്’ എന്ന് അക്രമി സ്വയം പ്രഖ്യാപിക്കുന്നുണ്ട്. ആഗോളതലത്തിലുള്ള സമാന ചിന്താഗതിക്കാരെ ലക്ഷ്യംവച്ചുകൊണ്ടാണ് ഇംഗ്ലീഷില്‍ സംസാരിച്ചതെന്നു വ്യക്തം.

ഹാലെയിലെ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. നിരവധി തവണ വെടിയുതിര്‍ത്ത അക്രമി ഒരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പട്ടാള വേഷത്തിലായിരുന്നു അയാള്‍ എത്തിയത്. ജനങ്ങളോട് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഹാലെ പോലീസ് മുന്നറിയിപ്പു നല്‍കി. 4chan, 8chan പോലുള്ള ഫോറങ്ങളിലെ അജ്ഞാത ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ഭാഷയാണ് ‘അനോണ്‍’. കാലിഫോര്‍ണിയയില്‍ ആക്രമണം നടത്തിയ ആള്‍ 8chan-ലൂടെയാണ് സന്ദേശം പ്രചരിപ്പിച്ചിരുന്നത്.

Share this news

Leave a Reply

%d bloggers like this: