ലെയ്സ് എന്ന ചിപ്സില്‍ ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്ത ഒമ്പത് കര്‍ഷകരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്സികോ.

ലെയ്സിന്റെ ഉരുളക്കിഴങ്ങ് കൃഷി ചെയ്തവര്‍ 1.05 കോടി വീതം നഷ്ടപരിഹാരം നല്‍കണമെന്ന് പെപ്‌സിക്കോ രംഗത്തെത്തി. കര്‍ഷകര്‍ ഓരോരുത്തരും 1.05 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ആരംഭിച്ചു.

നാളെയാണ് അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കുന്നത്. എഫ്എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് 2001 പ്രകാരം തങ്ങള്‍ക്കാണെന്നാണ് പെപ്സി പറയുന്നത്. ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉല്‍പ്പാദിപ്പിക്കാനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്നാണ് അവര്‍ പറയുന്നത്. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെയാണ് പെപ്സികോ നിയമനടപടി സ്വീകരിച്ചത്. അനുമതിയില്ലാതെയാണ് ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തതെന്നും അത് നിയമപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനി നിയമനടപടി സ്വീകരിച്ചത്.

ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍ക്കുന്നതും താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മൂന്ന് കര്‍ഷകര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. അതേസമയം ഇത് മറ്റ് വിളകളുടെ മേലും കോര്‍പ്പറേറ്റ് കമ്പനികള്‍ അവകാശം സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിറ്റിയുടെ സംരക്ഷണം വേണമെന്നും നിയമ പോരാട്ടത്തിനുള്ള പണം നാഷണല്‍ ജീന്‍ ഫണ്ടില്‍ നിന്നും അനുവദിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

വെറും 3-4 ഏക്കറില്‍ കൃഷി ചെയ്യുന്ന ഗുജറാത്തി കര്‍ഷകര്‍ക്കെതിരെയാണ് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം അനുകൂലമായ പേറ്റന്റ് നിയമങ്ങള്‍ കര്‍ഷകരക്കെമുള്ള സാധാരണ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കാന്‍ ശ്രമിക്കയാണെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. നീതിക്കായുള്ള കര്‍ഷകസമരത്തെ പിന്‍തുണയ്ക്കുന്നതോടൊപ്പം പെപ്സിയുടെ ജങ്ക് ഫുഡ് ആയ ലെയ്സ് ബഹിഷ്‌കരിക്കണമെന്ന കാമ്പെയ്നിംഗും ആരംഭിച്ചിട്ടുണ്ട്.

2009ലാണ് ഈ പ്രത്യേക ഇനത്തിലുള്ള ഉരുളക്കിഴങ്ങ് ഇന്ത്യയില്‍ ആദ്യമായി വ്യാവസായികമായി കൃഷി ചെയ്തത്. പഞ്ചാബിലെ ഏതാനും കര്‍ഷകര്‍ക്ക് ഈ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള ലൈസന്‍സ് കമ്പനി നല്‍കിയിട്ടുണ്ട്. കമ്പനിക്ക് മാത്രമേ ഈ ഉരുളക്കിഴങ്ങ് വില്‍ക്കാവൂ എന്ന വ്യവസ്ഥയിലാണ് ഇത്. അനുമതിയില്ലാതെ ആരെങ്കിലും ഉല്‍പ്പാദിപ്പിച്ചാല്‍ അത് നിയമലംഘനമാകുമെന്നാണ് കമ്പനി പറയുന്നത്.

പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നും കമ്പനി ഉന്നയിക്കുന്ന നിയമപ്രശ്നങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ലായിരുന്നെന്നും വഡോദരയിലെ കര്‍ഷക കൂട്ടായ്മയുടെ ഭാരവാഹി കപില്‍ ഷാ വ്യക്തമാക്കി. സമരരംഗത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 190 കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒപ്പിട്ട കത്ത് പുറത്തിറക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: