ലൂക്കന്‍ മാസ് സെന്ററിന്റെ ബൈബിള്‍ നാടകം ‘നീതിയുടെ കൊടുങ്കാറ്റ്’ ഇന്ന് വൈകിട്ട് 5.30 ന് ആര്‍ട്ടന്‍ ഹാളില്‍

 

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ഡബ്ലിനിലെ ബ്ലൂമൗണ്ട് ആര്‍ട്ടന്‍ ഹാളില്‍ വെച്ച് നടക്കുന്ന ബൈബിള്‍ കലോത്സവത്തില്‍ ലൂക്കന്‍ മാസ് സെന്റര്‍ അവതരിപ്പിക്കുന്ന ബൈബിള്‍ നാടകം നീതിയുടെ കൊടുങ്കാറ്റ് ഇന്ന് വൈകിട്ട് 5.30 ന് നടക്കും. യേശുവിനെ ക്രൂശിലേറ്റുന്നതിനും തൊട്ടുമുന്‍പും ശേഷവുമുള്ള സംഭവവികാസങ്ങളെ കോര്‍ത്തിണക്കിയവതരിപ്പിക്കുന്ന നാടകത്തില്‍ അന്നസായി ഷൈബു കൊച്ചിന്‍, പിലാത്തോസായി ബിജു എടക്കുന്നത്ത്, കയ്യാഫാസായി രാജു കുന്നക്കാട്ട്, ലോങ്കിനോസായി ഡൊമനിക് സാവിയോ, പത്രോസായി ജോണ്‍സണ്‍ ചക്കാലക്കല്‍, യോഹന്നാനായി ബെന്നി അടാട്ടുകാരന്‍, ജോസഫായി ജിപ്‌സണ്‍ ജോസ്, അലക്‌സാണ്ടറായി ബിനോയ് കുടിയിരിക്കല്‍, ഗമാലിയേലായി തോമസ് കളത്തിപ്പറമ്പില്‍, പെട്രോണിയസായി സണ്ണി ഇളംകുളത്ത്, അപ്പോലോസായി ഷാജി ആര്യമണ്ണില്‍, ക്ലോഡിയയായി ഏലിയാന്ന ജോസഫ്, വെറോണിക്കയായി രാജി ഡൊമനിക് എന്നിവര്‍ അരങ്ങിലെത്തുന്നു. രാജു കുന്നക്കാട്ട് രചന നിര്‍വഹിച്ചിരിക്കുന്ന നാടകത്തിന്റെ സംവിധാനം റവ.ഫാ. ജോസഫ് വെള്ളനാലാണ്.

സീറോ മലബാര്‍ സഭയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് ഇന്ന് ഉച്ചയ്ക്ക് 2.45 ന് ഇന്ത്യന്‍ അംബാസിഡര്‍ രാധികാ ലാല്‍ ലോകേഷ് ഉദ്ഘാടനം ചെയ്തു. സഭയുടെ അയര്‍ലന്‍ഡിലെ കോ ഓഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ അധ്യക്ഷത വഹിച്ചു. ഡബ്ലിനിലെ സീറോ മലബാര്‍ സഭയുടെ അമ്പതു കേന്ദ്രങ്ങളിലെ തെരഞ്ഞെടുത്ത കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളാണ് വേദിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: