ലീമെറിക്കില്‍ വന്‍ ലഹരിവേട്ട; രാജ്യത്ത് നടക്കുന്ന ആസൂത്രിത കൊലപാതകങ്ങളില്‍ ഈ സംഘങ്ങള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തല്‍

ലിമെറിക്ക്: ലീമെറിക്ക്- കോര്‍ക്ക് നഗരങ്ങളില്‍ നടന്ന മയക്ക് മരുന്ന് വേട്ടയില്‍ ലക്ഷകണക്കിന് യൂറോ വിലവരുന്ന ലഹരിവസ്തുക്കള്‍ കണ്ടെത്തി. പ്രാദേശിക സേനയുടെ സഹായത്തോടെ 100 ഗാര്‍ഡ പോലീസ് ലീമെറിക്ക് , ടിപ്പററി , കോര്‍ക്ക് എന്നിവടങ്ങളിലായി 29 കേന്ദ്രങ്ങളില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണെന്ന് പോലീസ് പറയുന്നു.

കുറ്റവാളികളെന്നു കണ്ടെത്തിയ 9 ആളുകളെ പലസ്ഥലങ്ങളില്‍ ആയി നടത്തിയ റെയ്ഡില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അതിര്‍ത്തി കടത്തി കൊണ്ടുവരുന്ന ലഹരിവസ്തുക്കള്‍ അയര്‍ലണ്ടില്‍ വന്‍ തോതില്‍ വില്‍പ്പനക്കെത്തുന്നതായി പൊലീസിന് രഹസ്യ വിവരങ്ങള്‍ ലഭിച്ചിരുന്നു. മുന്‍പ് ഡബ്ലിനില്‍ നിന്നും സമാനമായ മയക്കുമരുന്ന് ഉത്പന്നങ്ങള്‍ കണ്ടെത്തിയിരുന്നു.

തലസ്ഥാന നഗരത്തില്‍ നിരന്തരം ലഹരി വേട്ട നടക്കുന്നതിനാല്‍ മയക്കുമരുന്നു സംഘങ്ങള്‍ മറ്റ് നഗരങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. ഐറിഷ് ഗ്രാമങ്ങളിലും ഇവര്‍ നെറ്റ്വര്‍ക്ക് സജീവമാക്കുന്നുണ്ട്. കഞ്ചാവും കൊക്കയ്നും അയര്‍ലണ്ടില്‍ സമീപ കാലത്തു സുലഭമായി ലഭിക്കുന്നുണ്ട്. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ വിലകുറച്ചു നടത്തുന്ന വില്പന കേന്ദ്രങ്ങളും ഉയര്‍ന്നു വരുന്നതായി ലേമെറിക്ക് ഗാര്‍ഡ ഡിവിഷണല്‍ ഡ്രഗ് യൂണിറ്റ് തലവന്‍ വ്യക്തമാക്കി.

സാമ്പിള്‍ പാക്കറ്റുകള്‍ സൗജന്യമായി നല്‍കി ആളുകളെ ലഹരിക്ക് അടിമപ്പെടുത്തുന്ന കച്ചവട തന്ത്രങ്ങളും അയര്‍ലണ്ടില്‍ ഉണ്ട്. തീവ്രവാദ പശ്ചാത്തലമുള്ളവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉണ്ടെന്നാണ് പോലീസ് ഭാഷ്യം. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ചില ഫണ്ടമെന്റല്‍ ഗ്രൂപ്പുകള്‍ ലഹരിവില്പനക്ക് പിന്നിലുണ്ടെന്നും പറയപ്പെടുന്നു.

മയക്കുമരുന്ന് വില്പന പ്രതിരോധിക്കാന്‍ കൂടുതല്‍ സേന അംഗങ്ങള്‍ക്ക് പരിശീലനം നല്കാന്‍ ഗാര്‍ഡ തയ്യാറെടുക്കുകയാണ്. തുറമുഖങ്ങള്‍, എയര്‍പോര്‍ട്ട് എന്നിവടങ്ങളിലും പ്രത്യേക പരിശോധനകള്‍ ആരംഭിക്കും. അതിര്‍ത്തികളില്‍ ലഹരി വസ്തുക്കള്‍ തടയാന്‍ പുതിയ ചെക്‌പോയിന്റുകള്‍ ഉടന്‍ ഏര്‍പെടുത്തിയേക്കും.

എ എം

Share this news

Leave a Reply

%d bloggers like this: