ലീമെറിക്കില്‍ ട്രെയിനില്‍ യാത്രക്കിടെ ഇന്ത്യന്‍ യാത്രികന് നേരെ അസഭ്യ വര്‍ഷം; വംശീയ അധിക്ഷേപങ്ങള്‍ക്ക് അവസാനമില്ലേ ?

ലീമെറിക്ക്: അയര്‍ലണ്ടില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വംശീയ അധിക്ഷേപണങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കുടിയേറ്റക്കാര്‍ക്കെതിരെ യൂറോപ്പുകാരില്‍ വംശവെറി ഉളവാകുന്നതിനു നേരെ കണ്ണ് തുറന്നു തന്നെ വയ്ക്കേണ്ട അവസ്ഥയാണിപ്പോള്‍. നിറവ്യത്യാസത്തില്‍ തുടങ്ങി ശാരീരിക ഘടനയെപ്പോലും കളിയാക്കുന്ന തരത്തില്‍ യൂറോപ്യന്‍ ജനതയില്‍ രോഷം ഏറുന്നത് വളരെ ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. സ്വന്തം രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് കുടിയേറ്റം നടത്തുന്നവര്‍ ആ രാജ്യവുമായി സമ്പര്‍ക്കം പുലര്‍ത്തി അവിടുത്തെ ജനപദമായി മാറുകയും തുടര്‍ന്ന് തങ്ങളെത്തിപ്പെട്ട രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക തനിമയുടെ ബാക്കി പാത്രമായി മാറുകയും ചെയ്യുന്നു.

കുടിയേറിയ രാജ്യത്തെ സാമൂഹിക വ്യവസ്ഥിതിയെയും നിയമങ്ങളെയും അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് സംരക്ഷണം ലഭിക്കേണ്ടത് കുടിയേറ്റക്കാരുടെ അവകാശമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇവര്‍ തങ്ങള്‍ വന്നെത്തിയ രാജ്യത്തിന്റെ സാമ്പത്തിക രംഗം വളര്‍ത്തുന്നതിലും പങ്കു വഹിക്കുന്നുണ്ട്. ലീമെറിക്കില്‍ ഒരു ട്രെയിന്‍ യാത്രക്കിടയില്‍ ഐറിഷ് വനിതാ യാത്രക്കാരനായ ഇന്ത്യക്കാരന് നേരെ അസഭ്യവാക്കുകള്‍ ഉപയോഗിച്ചത് കണ്ടു നിന്നവരില്‍ പോലും ഭീതിയുയര്‍ത്തി. ഇവരുടെ സീറ്റില്‍ ഇയാള്‍ ഒരു ബാഗ് വെച്ചതിനെച്ചൊല്ലിയായിരുന്നു വഴക്ക്.

ലീമെറിക്കിലെ കോള്‍ബെര്‍ട്ട് സ്റ്റേഷനും ലീമെറിക്ക് ജങ്ഷനും ഇടയിലുള്ള വംശീയ അധിക്ഷേപത്തോടെയുള്ള അട്ടഹാസത്തിന്റെ വീഡിയോ കൂടെയുള്ള മറ്റൊരു യാത്രക്കാരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. വീഡിയോയില്‍ ഈ സ്ത്രീയെയും വ്യകതമായി കാണാം. ദൃശ്യത്തോടെ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ ഐറിഷ് റെയില്‍ ഗാര്‍ഡ പോലീസില്‍ പരാതിയും അറിയിച്ചിരിക്കുകയാണ്. കൂടെ യാത്ര ചെയ്ത ഇന്ത്യക്കാരന്റേത് വികൃതമായ മുഖമാണെന്നും ഈ സ്ത്രീ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. സ്വന്തം രാജ്യക്കാര്‍ അല്ലാത്തവരെ മുഴുവന്‍ ഇവര്‍ തെറി വിളിക്കുന്നുണ്ടായിരുന്നു.

അയര്‍ലണ്ടില്‍ വംശീയ വിദ്വേഷം തടയാന്‍ രൂപം കൊണ്ട ENAR അയര്‍ലന്‍ഡ് ന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 6 മാസത്തിനുള്ളില്‍ 245 വംശീയ വിദ്വേഷവുമായി ബന്ധപ്പെട്ട കേസുകള്‍ പുറത്തു വന്നു കഴിഞ്ഞു. ഡബ്ലിന്‍ കൗണ്‍സില്‍ പറയുന്നത് അവിടെ വംശീയ വിദ്വേഷ കേസുകള്‍ ഇല്ല എന്നാണ്. എന്നാല്‍ ഇതിനു മാത്രമായുള്ള പ്രത്യേക രജിസ്റ്ററോ, ആന്റി റേസിസം സെല്ലുകളോ ഇവിടെയില്ല. തലസ്ഥാന നഗരി ഉള്‍പ്പെടെ അയര്‍ലണ്ടിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കുടിയേറ്റക്കാര്‍ക്കെതിരെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. പരാതിപ്പെട്ടാല്‍ ജീവന്‍ പോലും നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പലരും പരാതിപ്പെടാറില്ല.

പ്രധാന ഐറിഷ് നഗരങ്ങളില്‍ ജീവിക്കുന്ന മലയാളികളും പലപ്പോഴും വിവേചനം ആവുഭവിക്കുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യക്കാര്‍ മാത്രമല്ല ആഫ്രിക്കന്‍ വംശജരും പലപ്പോഴും പൂര്‍ണമായും വിവേചനം അനുഭവിക്കുന്നവരാണ്. കുടിയേറ്റക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ മാത്രമായി വംശീയ അക്രമങ്ങള്‍ക്കൊപ്പം, കവര്‍ച്ച ശ്രമങ്ങളും നടത്താറുണ്ട്. ഇത്തരം ആക്രമണങ്ങളെ ചെറുക്കന്‍ കര്‍ക്കശമായ നിയമങ്ങളാണ് ആവശ്യം. ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു ശിക്ഷയും ശക്തമാക്കണം. വിവേചനം ഭയന്ന് പൊതുജന കേന്ദ്രങ്ങളില്‍ നിന്നും മറ്റും അകന്നു നില്‍ക്കുന്നവരെയും യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണാന്‍ കഴിയും.

https://youtu.be/XSgpZkA18ZE

 

 

എ എം

Share this news

Leave a Reply

%d bloggers like this: