ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ തിരുനാളാഘോഷങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ സമാപനം.

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ തിരുനാളും,വേദപാഠ വാര്‍ഷികവും ന്യൂപോര്‍ട്ട് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഫാ.റോബിന്‍ തോമസ്, ഫാ.ഷോജി വര്‍ഗീസ് എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാനയും ലദീഞ്ഞും, തുടര്‍ന്ന് തിരുനാളിനു മുന്നോടിയായി ഇടവകയിലെ ഭവനങ്ങളിലൂടെ പ്രാര്‍ത്ഥനാപൂര്‍വ്വം കൈമാറി തിരിച്ച് പള്ളിയില്‍ എത്തിച്ച ഇടവക മധ്യസ്ഥയായ പ. കന്യകാമറിയത്തിന്റെ തിരുരൂപത്തിനു സ്വീകരണവും,ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദിക്ഷണവും നടന്നു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ലിമെറിക്ക് രൂപതാ ബിഷപ്പ് മാര്‍ ബ്രെണ്ടന്‍ ലീഹി വാര്‍ഷികാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യുകയും സന്ദേശം നല്‍കുകയും, നേരത്തെ നടന്ന ‘ക്യാറ്റിക്കിസം ഫെസ്റ്റ് 2019’ ല്‍ വിവിധയിനങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇടവകയിലെ കുട്ടികള്‍ക്ക് അര്‍പ്പണമനോഭാവത്തോടെ വേദപാഠം പകര്‍ന്നുനല്കിക്കൊണ്ടിരിക്കുന്ന അധ്യാപകരെ സമ്മേളനത്തില്‍ ആദരിച്ചു.

ഫാ.ഷോജി വര്‍ഗീസ്, ഫാ.ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജോബി മാനുവല്‍ 2018-’19 വര്‍ഷത്തെ ഇടവകയുടെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് സ്വാഗതവും, കൈക്കാരന്‍ ബിനോയി കാച്ചപ്പള്ളി കൃതജ്ഞതയും പറഞ്ഞു. പിന്നീട് ഇടവകയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തതയാര്‍ന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

Share this news

Leave a Reply

%d bloggers like this: