ലിബിയയില്‍ ഐസിസ് തട്ടിക്കൊണ്ടു പോയ രണ്ട് ഇന്ത്യക്കാരില്‍ ഒരാള്‍ തടവില്‍ നിന്ന് രക്ഷപ്പെട്ടതായി വിവരം

ന്യൂഡല്‍ഹി: ലിബിയയില്‍ ഐസിസ് തട്ടിക്കൊണ്ടു പോയ രണ്ട് ഇന്ത്യക്കാരില്‍ ഒരാള്‍ തടവില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സുഖമായിരിക്കുന്നെന്ന് ഒഡിഷ സ്വദേശി പ്രവാശ് രഞ്ജന്‍ സമല്‍ സുഹൃത്തുക്കളില്‍ ഒരാളെ വിവരമറിയിച്ചതോടെയാണ് വിവരം ഉറപ്പിച്ചത്.

സിര്‍ത്തിലെ ഇബന്‍ ഇസിനയില്‍ ജോലിക്കിടെ രണ്ടുപേരെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി ബുധനാഴ്ചയാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഒപ്പമുണ്ടായിരുന്ന ആന്ധ്രാ സ്വദേശി രാമമൂര്‍ത്തി കൊസാനം ഇപ്പോഴും തടവിലാണെന്നാണ് കരുതുന്നത്.

ഇയാളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു. വിഷയം നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജൂലെയില്‍ സിര്‍ത്തിലെ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന നാല് ഇന്ത്യന്‍ അദ്ധ്യാപകരെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവം. ഇതില്‍ രണ്ടു പേരെ മോചിപ്പിക്കാനായെങ്കിലും മറ്റു രണ്ടു പേര്‍ ഒന്നര മാസമായി തടങ്കലിലാണ്. മദ്ധ്യ ലിബിയ കൈയ്യടക്കുന്നതിന്റെ ഭാഗമായി സിര്‍ത്ത് ഐസിസിന്റെ നിയന്ത്രണത്തിലാണിപ്പോള്‍.

Share this news

Leave a Reply

%d bloggers like this: