ലിനി ഇന്ത്യക്കാരുടെ ഹീറോ യെന്ന് ബിബിസി; നിപ്പാ വൈറസ് ഭീതി: പ്രവാസികളുടെ യാത്രയെ ബാധിക്കാന്‍ സാധ്യത

നിപ്പാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരിച്ച നഴ്‌സ് ലിനി ഇന്ത്യക്കാരുടെ ‘ഹീറോ’ആണെന്ന് ബിബിസി. വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കാന്‍ ലിനി കാണിച്ച മനസിനെ അഭിനന്ദിച്ചാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. കൂടാതെ ലിനി അവസാനമായി ഭര്‍ത്താവിനെഴുതിയ കത്തും നല്‍കിയിട്ടുണ്ട്. ‘സജീഷേട്ടാ…ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ..നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല…സോറി…, പാവം കുഞ്ചു, അവനെ ഒന്നു ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്.. വിത്ത് ലോട്സ് ഓഫ് ലവ്..ഉമ്മ…’ എന്നായിരുന്നു ലിനി എഴുതിയ കത്തിലെ വരികള്‍ .

നിപ്പാ വൈറസ് ബാധ എബോളയ്ക്ക് സമാനമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടിലേക്കും തിരിച്ചുമുള്ള പ്രവാസികളുടെ യാത്രയെയും ഇത് ബാധിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. യാത്രകള്‍ നീട്ടിവയ്ക്കേണ്ടിവന്നേക്കാം. മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്കും നിപ്പാ വൈറസ് ബാധ തിരിച്ചടിയാവും.

ബിബിസി, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ഗള്‍ഫ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ലിനിയുടെ ദാരുണ മരണവും നിപ്പാ വൈറസ് ബാധയും പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഒമ്പതുപേര്‍ നിപ്പാ വൈറസ് ബാധ മൂലം മരിച്ചെന്നും ആറു പേരുടെ പരിശോധനാഫലം വരാനുണ്ടെന്നും സംശയമുള്ള 25 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നും വാര്‍ത്തകളില്‍ പറയുന്നു.

അതിനിടെ, നിപ്പാ വൈറസ് ബാധ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കും. ഇതു സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ സൈബര്‍ പൊലീസിന് നല്‍കി. സോഷ്യല്‍ മീഡിയയില്‍ നിപ്പാ വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്താല്‍ കേസെടുക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.

നേരെത്ത സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ആശങ്ക പങ്കുവച്ചിരുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രചരിപ്പിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്നും പോലും അടിസ്ഥാനരഹിതമായ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണം കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: