‘ലിഗയുടെ മരണം കൊലപാതകം എന്നാവര്‍ത്തിച്ച് സഹോദരി; പൊലീസ് ജാഗ്രത കാണിച്ചില്ല; മലയാളികളുടെ പിന്തുണയ്ക്ക് നന്ദി’

വിദേശവനിത ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വീണ്ടും ആവര്‍ത്തിച്ച് സഹോദരിയും ഭര്‍ത്താവും. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് ലിഗക്ക് തനിയെ എത്തിപ്പെടാനാകില്ല. മറ്റാരെങ്കിലും അങ്ങോട്ടേക്ക് എത്തിച്ചതാകും. കോവളം ബീച്ചിനെ കുറിച്ച് അറിവില്ലാത്ത ഒരുവള്‍ അവിടെ നിന്ന് ആറ് കിലോമീറ്റര് അപ്പുറത്തുള്ള വാഴമുട്ടത്ത് എങ്ങനെ എത്തിചേര്‍ന്നു? ഈ പ്രദേശത്ത് മുമ്പും ദുരൂഹ മരണങ്ങള്‍ നടന്നതായി പ്രദേശവാസികളില്‍ നിന്നറിഞ്ഞുവെന്നും ഇല്‍സി പറഞ്ഞു.

മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ജാക്കറ്റ് ലിഗയുടേതല്ല. ആവശ്യത്തിന് പണം കൈയിലില്ലാത്ത ലിഗ പുതിയ ജാക്കറ്റ് വാങ്ങാന്‍ സാധ്യതയുമില്ല. മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡി.ജി.പിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. എന്നാല്‍ ലിഗയെ കാണാതായ സമയത്ത് പരാതിപ്പെട്ടപ്പോള്‍ നിസ്സംഗമനോഭാവമാണ് പൊലീസ് കൈക്കൊണ്ടതെന്നും ഇവര്‍ ആരോപിച്ചു. മരണം ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയാല്‍ റീ പോസ്റ്റ്‌മോര്ട്ടം ചെയ്യാന്‍ ആവശ്യപ്പെടും. തങ്ങള്‍ കേരള മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇല്‍സി പറഞ്ഞു.

വിഷക്കായ കഴിച്ചുകൊണ്ടുള്ള മരണം എന്നത് കെട്ടുകഥയാണെന്നും ഭര്‍ത്താവ് ആന്‍ഡ്രു പറഞ്ഞു. എന്നാല്‍ പൊലീസ് മേധാവിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കാണാതായ സമയത്ത് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ അവളെ കണ്ടെത്താനാകുമായിരുന്നുവെന്നും ആന്‍ഡ്രു പറഞ്ഞു.

എന്നാല്‍, വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ശരിയായ ദിശയിലെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സമയം എടുത്തായാലും സത്യം കണ്ടെത്തും. കൂടുതല്‍ പരിശോധനകള്‍ക്കായി വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ കണ്ടെത്തലുകള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: