ലളിത് മോദിയെ സംരക്ഷിക്കുന്നതു പ്രധാനമന്ത്രി- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഐപിഎല്‍ അഴിമതി കേസില്‍ ഉള്‍പ്പെട്ട ലളിത് മോദിയെ സംരക്ഷിക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്നലെ അമിത് ഷാ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും സുഷമാസ്വരാജ് രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്നും ബിജെപി പ്രതികരിച്ചു.

ഐപിഎല്‍ കുംഭകോണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന ലളിത് മോദിക്ക് യാത്രാ രേഖകള്‍ നല്കാന്‍ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ക്കു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കത്തെഴുതിയതു സര്‍ക്കാരിന് വലിയ തലവേദനയാകുകയാണ്. ലളിത് മോദിയുടെ ഭാര്യക്ക് കാന്‍സര്‍ ചികിത്സയ്ക്ക് പോകാന്‍ മാനുഷിക പരിഗണന കാട്ടിയതാണെന്നാണു സുഷമ സ്വരാജിന്റെ വിശദീകരണം.
എന്നാല്‍ സുഷമയുടെ മകള്‍ ഹൈക്കോടതിയില്‍ ലളിത് മോദിക്ക് വേണ്ടി ഹാജരായിരുന്നു. ഒരു ബന്ധുവിന്റെ വിദേശപഠനത്തിനു സുഷമാസ്വരാജിന്റെ ഭര്‍ത്താവ് 2013ല്‍ ലളിത് മോദിയുടെ സഹായം തേടിയ വിവരവും പുറത്തുവന്നു. എന്തുകൊണ്ട് ഇന്ത്യയില്‍ തിരിച്ചു വരണം എന്ന വ്യവസ്ഥയോടെ മോദിക്കു വേണ്ടി കത്തു നല്‍കിയില്ലെന്നു കോണ്‍ഗ്രസ് ചോദിച്ചു.

സുഷമ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ത്തിനിടയാക്കി. പ്രധാനമന്ത്രിക്ക് ലളിത് മോദിയുമായി ബന്ധമുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.ഇല്ലാത്ത വിഷയമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുകയാണെന്നും സുഷമാസ്വരാജ് രാജി വയ്ക്കുന്ന പ്രശ്‌നമില്ലെന്നും വൈകിട്ട് പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വനംപരിസ്ഥിതി മന്ത്രി പ്രകാശ്ജാവദേക്കര്‍ പറഞ്ഞു. ബ്രീട്ടീഷ് നിയമത്തിന് അനുസൃതമായ നടപടിക്കാണ് ശുപാര്‍ശ നല്കിയതെന്നും ലളിത് മോദിയില്‍ നിന്ന് ഒരാനുകൂല്യവും പറ്റിയില്ലെന്നും സുഷമാ സ്വരാജ് ബിജെപി നേതൃത്വത്തിന് വിശദീകരണം നല്‍കി.

ലളിത് മോദിയുടെ പാസ്‌പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ ആഗസ്തില്‍ പുനഃസ്ഥാപിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ അപ്പീല്‍ നല്‍കിയിട്ടില്ല . ഇതിനിടെ സുഷമാ സ്വരാജിന്റെ ഇമെയില്‍ ചോര്‍ത്തിയത് ബിസിസിഐ നിയോഗിച്ച് സ്വകാര്യ ഡിറ്റക്ടീവ് സ്ഥാപനമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്

Share this news

Leave a Reply

%d bloggers like this: