ലണ്ടന്‍ മെട്രോയിലെ സ്‌ഫോടനം ഭീകരക്രമണമെന്ന് പോലീസ്; ഒന്നില്‍ കൂടുതല്‍ ബോംബുകള്‍ ഉള്ളതായി സംശയം; വിദഗ്ധ അന്വേഷണം ആരംഭിച്ചു

 

ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയിലുണ്ടായ പൊട്ടിത്തെറി തീവ്രവാദി ആക്രമണമായിട്ടാണ് കാണുന്നതെന്ന് ലണ്ടന്‍ പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ മറ്റൊരു സ്ഫോടകവസ്തു നിര്‍വീര്യമാക്കി കൊണ്ടാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലണ്ടന്‍ മെട്രോയിലെ പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനിലാണ് പ്രാദേശിക സമയം രാവിലെ 8.20 ഓടെയാണ് സ്ഫോടനമുണ്ടായത്.

ട്രെയിനിന്റെ പിന്‍ഭാഗത്ത് ഒരു ബാഗില്‍ സൂക്ഷിച്ച ബക്കറ്റ് പൊട്ടിത്തെറിച്ചന്നായിരുന്നു ആദ്യം വിവരം. സ്ഥലത്തെത്തിയ പോലീസ് സമാനമായ മറ്റൊരു സ്ഫോടക വസ്തു കൂടി കണ്ടെത്തുകയും ഇത് നിര്‍വീര്യമാക്കുകയും ചെയ്തു. പൊട്ടിത്തെറി സംബന്ധിച്ച വിശദവിവരങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഉദ്യോഗസ്ഥരില്‍ നിന്ന് ആരാഞ്ഞിട്ടുണ്ട്. സംഭവം പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

സ്‌ഫോടന ശബ്ദത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ പരക്കം പാഞ്ഞത് സംഭവം തീവ്രവാദി ആക്രമണമാണെന്ന ആശങ്ക പടര്‍ത്തി. പൊട്ടിത്തെറിയില്‍ ചിലര്‍ക്ക് മുഖത്ത് പൊള്ളലേറ്റതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തെത്തുടര്‍ന്ന് ഏള്‍സ് കോര്‍ട്ടിനും വിബിംള്‍ഡനും ഇടയില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്റ്റേഷനില്‍ പരിശോധനകള്‍ തുടരുകയാണെന്നും അത് പൂര്‍ത്തിയായ ശേഷമേ കൃത്യമായ വിവരം നല്‍കാന്‍ സാധിക്കൂവെന്നും പോലീസ് പറയുന്നു.ലണ്ടന്‍ മൊട്രോപോളിറ്റന്‍ പോലീസിന്റെ ഭീകര വിരുദ്ധ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

പൊട്ടിത്തെറിയുണ്ടായ സ്റ്റേഷന്‍ ഇപ്പോള്‍ പോലീസ് നിയന്ത്രണത്തിലാണ്. സ്റ്റേഷനില്‍ പരിശോധനകള്‍ തുടരുകയാണെന്നും അത് പൂര്‍ത്തിയായ ശേഷമേ കൃത്യമായ വിവരം നല്‍കാന്‍ സാധിക്കൂവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വര്‍ഷം മാത്രം നാല് തവണയാണ് ബ്രിട്ടനില്‍ തീവ്രവാദി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ തന്നെ ലണ്ടന്‍ മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനവും തീവ്രവാദി ആക്രമണമാണെന്ന് ഭയന്ന് ആളുകള്‍ ജീവനും കൊണ്ടോടുകയായിരുന്നു.

അടിക്കടിയുണ്ടാവുന്ന തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് ബ്രിട്ടനടക്കം ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളിലേയും ജനങ്ങള്‍ തികഞ്ഞ ഭീതിയോടെയാണ് കഴിയുന്നത്. യൂറോപ്പില്‍ നടന്ന ഭൂരിപക്ഷം ആക്രമണങ്ങളുടേയും പിറകില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ആണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

ഡികെ

 

Share this news

Leave a Reply

%d bloggers like this: