ലണ്ടനില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി : ലണ്ടനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച ഇന്ത്യന്‍ പ്രവാസികള്‍ക്കെതിരായ ഉണ്ടായ ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ പ്രധാനമന്ത്രി. ഈ വിഷയത്തില്‍ മോദി ബോറിസ് ജോണ്‍സണുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. ഇന്ത്യക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് പുറമേ നിക്ഷിപ്ത താത്പര്യക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചും മോദി ജോണ്‍സന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ലണ്ടനില്‍ ജനക്കൂട്ടം നടത്തിയ അക്രമത്തെയും നാശനഷ്ടങ്ങളെ കുറിച്ചും അദ്ദേഹം പ്രസ്താവനയില്‍ പരാമര്‍ശിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഹൈക്കമ്മീഷന്റെയും ഉദ്യോഗസ്ഥരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി.

ജമ്മു കശ്മീര്‍ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തെച്ചൊല്ലി പാക് അനുകൂല ഗ്രൂപ്പുകളും സിഖ്, കശ്മീരി വിഘടനവാദ സംഘടനകളും ചേര്‍ന്നാണ് ഇന്ത്യാ വിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കായി ആയിരക്കണക്കിന് ആളുകള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് പുറത്ത് തടിച്ചുകൂടിയപ്പോള്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ ഉന്നത പദവിയിലേക്കെത്തിയ ജോണ്‍സണെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും, ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: