റോഡ് സുരക്ഷയില്‍ വിട്ടു വീഴ്ചയില്ലാതെ ഗാര്‍ഡ; നാഷണല്‍ സ്ലോ ഡൗണ്‍ ഡേയില്‍ ഗാര്‍ഡയുടെ പിടിയിലായത് നൂറുകണക്കിന് അമിതവേഗക്കാര്‍

ഡബ്ലിന്‍: നാഷണല്‍ സ്ലോ ഡൗണ്‍ ഡേയില്‍ വേഗനിയന്ത്രണം ലംഘിച്ച നൂറുകണക്കിന് വാഹങ്ങളാണ് ഗാര്‍ഡയുടെ  സ്പീഡ് ക്യാമറയില്‍ കുടുങ്ങിയത്. ഇന്നലെ രാജ്യത്തെ വിവിധ റോഡുകളിലായി ഗാര്‍ഡാ സംഘം സ്ഥാപിച്ച ആയിരത്തിലധികം സ്പീഡ് ചെക്ക് പോസ്റ്റുകളിലായി 105,567 വാഹങ്ങള്‍ പരിശോധിച്ചു. രാജ്യത്ത് റോഡ് അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അമിതവേഗക്കാര്‍ക്കു മൂക്കുകയറിടാന്‍ ശക്തമായ പ്രചരണ പരിപാടികളാണ് ഗാര്‍ഡ ഒരുക്കിയിരുന്നത്.

ഇന്നലെ രാവിലെ 7 മണിമുതല്‍ ഇന്ന് രാവിലെ 7 മണി വരെ 24 മണിക്കൂറാണ് നാഷണല്‍ സ്ലോ ഡൗണ്‍ ഡേയായി ആചരിച്ചത്. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിച്ച് റോഡപകടങ്ങള്‍ കുറയ്ക്കുകയാണ് ഗാര്‍ഡ ഇതിലൂടെ ലക്ഷ്യം വച്ചിരുന്നത്. അമിതവേഗതയില്‍ വാഹനമോടിക്കുന്നവരെ പിടികൂടാനായി രാജ്യമാകെ 1,031 ചെക്ക് പോയിന്റുകളും സ്ഥാപിച്ചിരുന്നു. ഇതില്‍ വിവിധ റോഡുകളില്‍ നിന്നായി അമിത വേഗതയില്‍ പോയ 133 വാഹനങ്ങളാണ് കുടുങ്ങിയത്. സ്പീഡ് വാനുകള്‍, ഇന്‍ കാര്‍ സ്പീഡ് ഡിറ്റക്ഷന്‍ സിസ്റ്റം, ഹാന്‍ഡ് ഹെല്‍ഡ് സ്പീഡ് ഡിറ്റക്ഷന്‍ ഡിവൈസ് എന്നിവയടങ്ങിയ ചെക്ക് പോയിന്റുകളാണ് അമിതവേഗക്കാരെ പിടികൂടിയത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അമിത വേഗത കൊണ്ടുണ്ടാകുന്ന റോഡപകടങ്ങളും മരണങ്ങളും വര്‍ദ്ധിച്ചതായി ഗാര്‍ഡ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി മുതല്‍ സെപ്റ്റംബര്‍ ആദ്യ വാരം വരെ 85,457 ത്തോളം അമിതവേഗക്കാരെയാണ് അധികൃതര്‍ പിടികൂടിയത്. 117 റോഡപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിനെതിരെയുള്ള മുന്‍കരുതലാണ് സ്ലോ ഡൗണ്‍ ഡേ. ഗാര്‍ഡയും റോഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി സോഷ്യല്‍ മീഡിയയിലൂടെയും വാഹന യാത്രക്കാരില്‍ അമിത വേഗതയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി.

 



Share this news

Leave a Reply

%d bloggers like this: