റോട്ടണ്ട മറ്റേര്‍ണിറ്റി ആശുപത്രിയില്‍ നവജാത ശിശുക്കളില്‍ അണുബാധ: നവജാത ശിശു പരിചരണ വിഭാഗം അടച്ചുപൂട്ടി …..

രാജ്യത്തെ ഏറ്റവും കൂടുതല്‍ തിരക്കേറിയ ആശുപത്രിയില്‍ അണുബാധ വര്‍ധിച്ചുവന്നതിനെ തുടര്‍ന്ന് എന്‍.ഐ .സി .യു യൂണിറ്റ് അടച്ചു പൂട്ടേണ്ടി വന്നതായി ആശുപത്രി ഡയറക്ടര്‍ പ്രൊഫെസ്സര്‍ ഫെര്‍ജല്‍ മെലോണ്‍ ആരോഗ്യവകുപ്പിനെ അറിയിച്ചു.

പ്രൊഫെസ്സര്‍ മെലോണ്‍ ആശുപത്രിയിലെ സങ്കീര്‍ണമായ അവസ്ഥ ചൂണ്ടികാട്ടി ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിന് അയച്ച കത്ത് മാധ്യങ്ങള്‍ക്ക് ലഭിക്കുകയായിരുന്നു. ഡബ്ലിന്‍ നോര്‍ത്ത് സിറ്റി സെന്ററിലെ ഈ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാണ്. സ്ഥല പരിമിതി അനുഭവപ്പെടുന്നതിനാല്‍ രോഗികളെ അടുത്തടുത്തായി അഡ്മിറ്റ് ചെയേണ്ടി വരുന്നു. ഇതാണ് അണുബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ആശുപത്രിയില്‍ ജനിക്കുന്ന ആരോഗ്യമുള്ള കുട്ടികള്‍ക്ക് മെനിഞ്ചൈറ്റിസ് പോലുള്ള മാരക രോഗങ്ങളും പിടിപെടുന്നുണ്ട്. കുഞ്ഞുങ്ങളില്‍ പല തരത്തിലുള്ള അണുബാധയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. മാതൃ -ശിശു യൂണിറ്റ് വികസനവുമായി ബന്ധപെട്ടു പല തവണ ആരോഗ്യ വകുപ്പിനെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. ആശുപത്രി നവീകരണം വൈകുന്നതിടെ ഇവിടെ എത്തുന്ന രോഗികളെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ആശുപത്രിയില്‍ തീവ്ര ശിശുപരിചരണ വിഭാഗത്തില്‍ 8 കുഞ്ഞുങ്ങള്‍ക്ക് അണുബാധയേറ്റ സംഭവത്തെ തുടര്‍ന്നാണ് ഈ യൂണിറ്റ് കഴിഞ്ഞ മാസം പൂട്ടിയത്. കൂടുതല്‍ കുഞ്ഞുങ്ങളെ പ്രവേശിപ്പിക്കാന്‍ കഴിയാത്തതിനാലാണ് അടച്ചു പൂട്ടിയതെന്നു ആശുപത്രി ഡയറക്ടര്‍ ആരോഗ്യ മന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ പരാമര്‍ശിച്ചിരുന്നു.

അയര്‍ലണ്ടിലെ ഭൂരിഭാഗം ആശുപത്രികളും നവീകരണം കാത്തിരിക്കുകയാണ്. വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ ശവശരീരരങ്ങള്‍ ജീര്‍ണിക്കുന്ന വാര്‍ത്ത രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട് ചെയ്യപ്പെട്ടിരുന്നു. രാജ്യത്തു ആശുപത്രി തിരക്ക് ഉണ്ടാകാന്‍ പ്രധാന കാരണം സ്ഥല പരിമിതിയാണ്.

പല ആശുപത്രികള്‍ക്കും രണ്ടില്‍ കൂടുതല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റ് ആവശ്യമുള്ളപ്പോള്‍ ഒന്ന് മാത്രമാണ് പലയിടത്തും അനുവദിക്കപ്പെട്ടത്. ഐറിഷ് ആശുപത്രിയില്‍ വേണ്ടത്ര ബെഡ് ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ജനസംഖ്യയ്ക്ക് അനുസരിച്ച് ആശുപത്രികളിലെ അടിസ്ഥാന വികസനം വര്‍ധിപ്പിക്കാത്തതാണ് പ്രധാനമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: